മുംബൈ: മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്കും മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായി ദേവേന്ദ്ര ഫഡ്നാവിസും തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങൾ തുടരുന്നു. മയക്കുമരുന്ന് കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ ഇരുവരും തുടങ്ങിവെച്ച വാക്പോര് മഹാരാഷ്ട്ര സർക്കാറും ബി.ജെ.പിയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കും വളരുകയാണ്.
ഫഡ്നാവിസിന് അധോലോക ബന്ധമുണ്ടെന്ന് ആരോപിച്ച് നവാബ് മാലിക്കും, മാലിക്കിനാണ് അധോലോക ബന്ധമെന്നാരോപിച്ച് ഫഡ്നാവിസും രംഗത്തെത്തിയിരുന്നു. ഇരുവരും ആരോപണങ്ങൾക്ക് തെളിവുകളുണ്ടെന്നും അവകാശപ്പെട്ടിരിക്കുകയാണ്.
വിവാദത്തിൽ നവാബ് മാലിക്കിനുള്ള മറുപടിയെന്നോണം പുതിയ ട്വീറ്റിട്ടിരിക്കുകയാണ് ദേവേന്ദ്ര ഫഡ്നാവിസ്. ജോർജ് ബർണാർഡ് ഷായുടെ വാക്കുകൾ ഉദ്ധരിച്ചാണ് ട്വീറ്റ്.
'പന്നിയുമായി മല്ലയുദ്ധം പാടില്ലെന്ന് ഞാൻ പണ്ടേ പഠിച്ചതാണ്. നിങ്ങളുടെ ദേഹത്ത് ചെളിയാകും. എന്നാൽ, പന്നിക്ക് അത് ഇഷ്ടമാവുകയും ചെയ്യും' -ഇന്നത്തെ ചിന്താവിഷയം എന്ന തലക്കെട്ടോടെയുള്ള ട്വീറ്റിൽ പറയുന്നു.
തനിക്ക് നേരെയുള്ള എല്ലാ ആരോപണങ്ങൾക്കുമുള്ള മറുപടിയാണിതെന്ന് പിന്നീട് ഫഡ്നാവിസ് പറഞ്ഞു. നവാബ് മാലിക്കിന്‍റെ ആരോപണങ്ങൾക്കും ഒരു വിലയും കൽപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് കച്ചവടക്കാരനായ ജയദീപ് റാണ എന്നയാളുമൊത്തുള്ള ഫഡ്നാവിസിന്‍റെ ഫോട്ടോ നവാബ് മാലിക് കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. ഫഡ്നാവിസിന്‍റെ ഭാര്യ അമൃത ഫഡ്നാവിസിന്‍റെ പ്രൊജക്ടുമായി ബന്ധപ്പെട്ട് 2018ൽ എടുത്തതാണ് ഫോട്ടോ. പ്രൊജക്ടിന് സാമ്പത്തിക സഹായം നൽകുന്നത് ജയദീപ് റാണയാണെന്നായിരുന്നു നവാബ് മാലിക് ആരോപിച്ചത്.
എന്നാൽ, ജയദീപ് റാണയുമായി തനിക്ക് ബന്ധമുണ്ടെന്ന വാദം ദേവേന്ദ്ര ഫഡ്നാവിസ് നിഷേധിച്ചു. നവാബ് മാലിക്കിന്‍റെ അധോലോക ബന്ധങ്ങൾ ഉടനെ പുറത്തുവിടുമെന്നും ഫഡ്നാവിസ് പ്രഖ്യാപിച്ചു.
ഇതിന് പിന്നാലെ, 1993ലെ മുംബൈ സ്ഫോടനക്കേസിലെ കുറ്റവാളികളുമായി നവാബ് മാലിക് ഇടപാടുകൾ നടത്തിയെന്ന ആരോപണവുമായി ഫഡ്നാവിസ് രംഗത്തെത്തി. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരി ഹസീന പാർക്കറുടെ ബിനാമിയായ സലീം പട്ടേൽ, ബോംബെ സ്ഫോടനക്കേസിലെ കുറ്റവാളികളിലൊരാളായ ബാദുഷാ ഖാൻ എന്നിവരിൽ നിന്ന് 2005ൽ നവാബ് മാലിക്കും കുടുംബവും 2.8 എക്കർ സ്ഥലം വാങ്ങിയെന്നാണ് ഫഡ്നാവിസിന്‍റെ ആരോപണം.
ദേവേന്ദ്ര ഫഡ്നാവിസിന് ദാവൂദ് ഇബ്രാഹിം സംഘത്തിലെ റിയാസ് ഭട്ടിയുമായി ബന്ധമുണ്ടെന്നാണ് ഇതിന് മറുപടിയായി നവാബ് മാലിക് ആരോപിച്ചത്. ക്രിമിനലുകൾക്ക് സർക്കാർ പദവികൾ നൽകിയതായും നവാബ് മാലിക് പറഞ്ഞു. വ്യാജ പാസ്പോർട്ട് കേസിലടക്കം പ്രതിയായ റിയാസ് ഭട്ടി പധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിലെത്തി പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോയെടുത്തത് മാലിക് ചൂണ്ടിക്കാട്ടി. ഇത് സുരക്ഷ വീഴ്ചയാണെന്ന് പറഞ്ഞ മാലിക് റിയാസ് ഭട്ടിക്ക് ചടങ്ങിൽ പ്രവേശനം ലഭിച്ചത് ഫഡ്നാവിസിെൻറ ഒത്താശയിലാണെന്നും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.