അഹ്മദാബാദ്: സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിെൻറ പേരിൽ തടവിൽ കഴിയുന്ന ഡോ. കഫീൽ ഖാനെ മോചിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് ആക്ടിവിസ്റ്റും ഗുജറാത്ത് എം.എൽ.എയുമായ ജിഗ്നേഷ് മേവാനി. ‘‘അധികാരകേന്ദ്രങ്ങൾക്ക് മുന്നിൽ സത്യം പറഞ്ഞതിന് ഇന്ത്യയിലെ ശ്രദ്ധേയനായ ഒരു ഡോക്ടർ ജയിലിലാണെന്ന കാര്യം ലോകത്തെ അറിയിക്കണം. കൊറോണക്കാലത്ത് തടവുകാരെ വിട്ടയക്കുന്ന ഈ വേളയിൽ അദ്ദേഹത്തിെൻറ മോചനത്തിന് എല്ലാ പരിശ്രമവും നടത്തണം’’ -അദ്ദേഹം ട്വിറ്ററിൽ ആഹ്വാനം ചെയ്തു.
ഡോ. കഫീൽ ഖാെൻറ അന്യായ തടവിനെതിരെ പ്രോഗ്രസീവ് മെഡികോസ് ആൻഡ് സയൻറിസ്റ്റ് ഫോറം (പി.എം.എസ്.എഫ്) ദേശീയ പ്രസിഡൻറ് ഡോ. ഹർജിത് സിങ് ഭട്ടിയുടെ വിഡിയോ സന്ദേശവും മേവാനി ട്വീറ്റ് ചെയ്തിട്ടുണ്ട്.
Let us make every effort to get Dr. Kafeel released. All the political prisoners be released at least in this period of Corona crisis. Do watch and share the video. Let the world know that one of India's remarkable doctor for poor is in jail for speaking truth to power. https://t.co/k6spZaQW23
— Jignesh Mevani (@jigneshmevani80) July 14, 2020
പൗരത്വ നിയമ ഭേദഗതിക്കെതിരേ 2019ൽ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ പ്രസംഗിച്ചതിെൻറ പേരിലാണ് ഡോ. കഫീല്‍ ഖാനെ യു.പി സർക്കാർ ജയിലിലടച്ചത്. 2020 ജനുവരി 29ന് മുംബൈയിൽ വെച്ചാണ് ഉത്തർപ്രശേ് പ്രത്യേക ദൗത്യസംഘം ഇദ്ദേഹത്തെ പിടികൂടിയത്. കേസില്‍ അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമവിരുദ്ധമായി കസ്റ്റഡി തുടരുകയും ദേശീയ സുരക്ഷാ നിയമം ചുമത്തുകയുമായിരുന്നു. മേയ് 12ന് അലിഗഢ് ജില്ലാ ഭരണകൂടം ഡോ. കഫീല്‍ ഖാെൻറ തടവ് ആഗസ്ത് വരെ നീട്ടി. കോവിഡ് പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ തടവുകാരെ വിട്ടയക്കണമെന്ന സുപ്രിം കോടതി ഉത്തരവും ഇദ്ദേഹത്തിെൻറ കാര്യത്തിൽ നടപ്പാക്കിയില്ല.
2017ല്‍ യോഗി ആദിത്യ നാഥിെൻറ മണ്ഡലമായ ഉത്തര്‍ പ്രദേശ് ഗോരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ നൂറോളം കുട്ടികൾ കൂട്ടത്തോടെ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് കഫീല്‍ ഖാന്‍ വാർത്തകളിൽ നിറഞ്ഞത്. കുട്ടികളുടെ ഡോക്ടറായ ഇദ്ദേഹം, സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലെത്തിച്ചാണ് രക്ഷാപ്രവര്‍ത്തം നടത്തിയത്. ഓക്സിജൻ തീരുമെന്ന കാര്യം ദിവസങ്ങൾക്ക് മുേമ്പ അധികൃതരെ അറിയിച്ചിട്ടും അവഗണിച്ചതാണ് കൂട്ടമരണത്തിനിടയാക്കിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിൽ കലിപൂണ്ട യോഗി ഭരണകൂടം അന്ന് തുടങ്ങിയതാണ് ഇദ്ദേഹത്തെ വേട്ടയാടൽ.
സംഭവത്തിനു പിന്നാലെ സസ്‌പെന്‍ഷനിലായ ഡോ. കഫീല്‍ ഖാനെ ഒമ്പതുമാസം ജയലിലടച്ചു. എന്നാൽ, സംഭവത്തെ കുറിച്ച് അന്വേഷിച്ച ഡോക്ടർമാരടങ്ങിയ അന്വേഷണ കമ്മീഷൻ ഇദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകി. തുടർന്ന് കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. ജയിൽമോചിതനായ ശേഷം കേരളത്തിലടക്കം സ്വീകരണമേറ്റുവാങ്ങിയ ഇദ്ദേഹം മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഇതിനിടെയാണ് യോഗി സർക്കാർ വീണ്ടും ജയിലിലടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.