റാഞ്ചി: കോവിഡ് രണ്ടാം വരവിൽ രാജ്യം വിറങ്ങലിച്ചുനിൽക്കുേമ്പാൾ എല്ലാം നഷ്ടപ്പെട്ട് പെരുവഴിയിലാകുമെന്ന ഭീതിയിൽ വീണ്ടും പലായനം ആരംഭിച്ച് കുടിയേറ്റ തൊഴിലാളികൾ. രാത്രികാല കർഫ്യൂവും കൂടിനിൽക്കാൻ വിലക്കുമുൾപെടെ കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനങ്ങൾ ഒന്നാം ഘട്ടത്തിൽ നടപ്പാക്കുന്നത്. മിക്ക നഗരങ്ങളിലും വിലക്ക് പ്രാബല്യത്തിലായി കഴിഞ്ഞു. ലോക്ഡൗൺ നടപ്പാക്കിയ ഇടങ്ങളുമുണ്ട്. അക്ഷരാർഥത്തിൽ പെരുവഴിയിൽ പെട്ടുപോയ ഒരു വർഷം പഴക്കമുള്ള ഓർമകളിൽ നടുങ്ങിയാണ് അന്നവും തൊഴിലും തേടി തിരിച്ചുവന്ന കുടിയേറ്റ തൊഴിലാളികൾ വീണ്ടും നാടുപിടിക്കാൻ തുടങ്ങിയത്.
മഹാരാഷ്ട്ര, പഞ്ചാബ്, ഡൽഹി തുടങ്ങി കോവിഡ് വ്യാപനം അതിരൂക്ഷമായ സംസ്ഥാനങ്ങളിൽനിന്നാണ് പലായനം കൂടുതൽ. ഇതര സംസ്ഥാനങ്ങളിലേക്ക് ഏറ്റവും കൂടുതൽ പേർ തൊഴിൽ തേടി പോകുന്ന സംസ്ഥാനങ്ങളിലൊന്നായ ഝാർഖണ്ഡിലേക്ക് തിരിച്ചുവരുന്നവരുടെ എണ്ണം കുത്തനെ കൂടിയതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഗുജറാത്ത്, കേരള സംസ്ഥാനങ്ങളിൽനിന്നും മടക്കം ആരംഭിച്ചിട്ടുണ്ട്. മുംബൈ, സൂറത്ത് നഗരങ്ങളിൽനിന്ന് തിരിക്കുന്ന ട്രെയിനുകളിൽ ഇത്തരം യാത്രക്കാർ നിറഞ്ഞുയാത്ര ചെയ്യുന്നതായാണ് സൂചന.
കേരളം, ബംഗാൾ, ആസാം, തമിഴ്നാട്, പുതുച്ചേരി നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിൽ നിർണായക പങ്കു വഹിച്ചതായാണ് കണക്കാക്കുന്നത്. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിനം ഒരു ലക്ഷത്തിന് മുകളിലാണ്. അടുത്ത നാലാഴ്ച അതി നിർണായകമാണെന്നും കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. പ്രാദേശിക കണ്ടെയ്ൻമെന്റ് നടപ്പാക്കണമെന്ന് പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ നിർദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.