സീതാറാം യെച്ചൂരി

വിദ്വേഷ പ്രസംഗം; അനുരാഗ് ഠാക്കൂറിനെതിരെ നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് യെച്ചൂരി

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അനുരാഗ് ഠാക്കൂറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു. അനുരാഗ് ഠാക്കൂറിനെതിരെ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്‍റെ കഴിവിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെടുമെന്നും യെച്ചൂരി പറഞ്ഞു.

തന്‍റെ നേതാവ് നരേന്ദ്രമോദിയുടെ പാത പിന്തുടർന്ന് ഏപ്രിൽ 21 ന് രാജസ്ഥാനിൽ നടന്ന യോഗത്തിൽ മോദി പറഞ്ഞ അതേ നുണകൾ തന്നെയാണ് ഇപ്പോൾ അനുരാഗ് ഠാക്കൂർ ആവർത്തിക്കുന്നതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ കൂടുതൽ നേതാക്കൾ ഇപ്പോൾ മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷം വളർത്താനും മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ ഉപയോഗിക്കാനും ശ്രമിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.

ഇത്തരം ലംഘനങ്ങൾ മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപോർട്ട് ചെയ്തിട്ടും തെരഞ്ഞെടുപ്പ് കമീഷൻ സ്വമേധയാ നടപടിയെടുക്കാൻ വിസമ്മതിച്ചതിൽ ഖേദമുണ്ട്. പരാതികളുടെ കുത്തൊഴുക്കിന് ശേഷമാണ് ബി.ജെ.പിക്ക് നോട്ടീസ് അയക്കുന്നത് വിവേകമാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കണ്ടെത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

പൊതുയോഗത്തിൽ സംസാരിക്കവേ ഠാക്കൂർ നടത്തിയ വിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ അനുരാഗ് ഠാക്കൂറിനും ബി.ജെ.പി അധ്യക്ഷനും ഉടൻ നോട്ടീസ് നൽകണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യർഥിക്കുന്നുവെന്നും കാലതാമസം കൂടാതെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Lok Sabha 2024 polls: Sitaram Yechury writes to Election Commission over Anurag Thakur's speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.