സഭാ സ്തംഭനം തുടരുന്നു; തര്‍ക്കം സൈനികരെ ചൊല്ലി

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളില്‍ നോട്ട് വിഷയത്തില്‍  തുടര്‍ച്ചയായി സ്തംഭിച്ച പാര്‍ലമെന്‍റ് ബുധനാഴ്ച തടസ്സപ്പെട്ടത് കശ്മീരില്‍ കൊല്ലപ്പെട്ട ജവാന്മാരെ ചൊല്ലിയുള്ള തര്‍ക്കത്തില്‍. നഗ്രോട്ട സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍  കൊല്ലപ്പെട്ട സൈനികര്‍ക്ക് പാര്‍ലമെന്‍റ് ആദരാഞ്ജലി അര്‍പ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, ഏറ്റുമുട്ടല്‍ ബുധനാഴ്ച രാവിലെയും തുടരുന്ന സാഹചര്യത്തില്‍  ഓപറേഷന്‍ പൂര്‍ത്തിയായശേഷം ആദരാഞ്ജലി ആകാമെന്നായിരുന്നു സര്‍ക്കാറിന്‍െറ നിലപാട്. ഇതേച്ചൊല്ലി ലോക്സഭയില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തി. രാജ്യസഭയും സ്തംഭിച്ചു.

ലോക്സഭയില്‍ ചോദ്യോത്തരവേളക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ എത്തിയ വേളയിലാണ് സൈനികരുടെ വിഷയം പ്രതിപക്ഷം എടുത്തിട്ടത്. സൈനികരുടെ വിഷയത്തിലുള്ള താല്‍പര്യത്തില്‍ സര്‍ക്കാറിനെ മറികടക്കാന്‍ വേണ്ടിയാണ് പ്രതിപക്ഷം ഇക്കാര്യം സഭയില്‍ ഉന്നയിച്ചത്.  എന്നാല്‍, നോട്ട് വിഷയത്തില്‍ പ്രതിരോധത്തിലായ പ്രധാനമന്ത്രി സഭയില്‍ ഹാജരായ ചോദ്യോത്തര വേളയില്‍ നോട്ട് വിഷയം ഉന്നയിക്കാനും പ്രധാനമന്ത്രിക്ക് മുന്നില്‍ പ്രതിഷേധം പ്രകടിപ്പിക്കാനുമുള്ള അവസരം പ്രതിപക്ഷം നഷ്ടപ്പെടുത്തി. സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ തയാറാകുന്നില്ളെന്ന് ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തിയതോടെ സഭ നിര്‍ത്തിവെച്ചു.

പ്രധാനമന്ത്രി സഭയില്‍ വരണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം മോദി സഭയില്‍ ഉണ്ടായിട്ടും എന്തിനാണ് ഇറങ്ങിപ്പോയതെന്ന് മനസ്സിലാകുന്നില്ളെന്ന് മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കണമെന്ന പ്രതിപക്ഷത്തിന്‍െറ ആവശ്യത്തില്‍പോലും രാഷ്ട്രീയം കാണുന്ന സമീപനമാണ് സര്‍ക്കാറിനെന്ന് മല്ലികാര്‍ജുന്‍ കാര്‍ഗെ, സുധീപ് ബന്ധോപാധ്യായ എന്നിവര്‍ പറഞ്ഞു. 12 മണിക്ക് ലോക്സഭ വീണ്ടും ചേര്‍ന്നപ്പോഴും ആദരാഞ്ജലി ആവശ്യം പ്രതിപക്ഷം ആവര്‍ത്തിച്ചു. സ്പീക്കര്‍ തന്‍െറ നിലപാടില്‍ ഉറച്ചുനിന്നതോടെ പ്രതിപക്ഷം നോട്ട് വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച ആവശ്യപ്പെട്ട്  സഭയുടെ നടുത്തളത്തിലിറങ്ങി.

ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ചെങ്കിലും വോട്ടെടുപ്പ് ആവശ്യത്തെക്കുറിച്ച് സര്‍ക്കാര്‍ പ്രതികരിച്ചില്ല. തുടര്‍ന്ന്  പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ ലോക്സഭ പിരിഞ്ഞു. രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. വീരമൃത്യു വരിച്ച സൈനികര്‍ക്കും ബാങ്കുകള്‍ക്ക് മുന്നില്‍  ക്യൂ നില്‍ക്കവെ മരിച്ചവര്‍ക്കും സഭയില്‍ ആദരാഞ്ജലി വേണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.  ജനങ്ങള്‍ ക്യൂ നിന്ന് മരിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ നിര്‍വികാരമാണെന്ന് ബി.എസ്.പി നേതാവ് മായാവതി ആരോപിച്ചു. ചര്‍ച്ചക്ക് തയാറാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. എന്നാല്‍, ആദരാഞ്ജലി വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.  പലതവണ നിര്‍ത്തിയ  സഭ ഉച്ചക്കുശേഷം  പിരിഞ്ഞു.

Tags:    
News Summary - Lok Sabha adjourned for the day; Rajya Sabha until 2 p.m.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.