‘ഭരണനേട്ട’ത്തിന്റെ നെരിപ്പോടായി മണിപ്പൂർ എരിയുന്നു. അവിടെ ഒരു സീറ്റിലേക്ക് രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടത്തേണ്ടിവരുന്നു
ന്യൂഡൽഹി: ഇന്ത്യ വെട്ടിത്തിളങ്ങുകയാണെന്ന പ്രതീതിയും 400 സീറ്റ് നേടുമെന്ന അവകാശവാദവും ഉയർത്തിവിടുമ്പോൾ തന്നെ മണിപ്പൂരിലെ തീയും ജമ്മു-കശ്മീരിലെ അശാന്തിയും തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനത്തിൽ പ്രതിഫലിച്ചു. ‘ഭരണനേട്ട’ത്തിന്റെ നെരിപ്പോടായി മണിപ്പൂർ എരിയുന്നു. അവിടെ ഒരു സീറ്റിലേക്ക് രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടത്തേണ്ടിവരുന്നു. അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവിടെയിരുന്ന് വോട്ടു ചെയ്യാൻ സൗകര്യം ഒരുക്കേണ്ടി വരുന്നു. 370ാം ഭരണഘടന വകുപ്പ് നൽകിപ്പോന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ടായി മുറിച്ച ജമ്മു-കശ്മീരിനെക്കുറിച്ച് മോദിസർക്കാർ ഉയർത്തിയ അവകാശവാദങ്ങൾ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ ഒരിക്കൽകൂടി പൊളിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പും ലോക്സഭ തെരഞ്ഞെടുപ്പും ഒന്നിച്ചുനടത്താൻ സുരക്ഷ സാഹചര്യങ്ങൾ അനുവദിക്കുന്നില്ല. ജമ്മു-കശ്മീരിലെ അഞ്ചു ലോക്സഭ സീറ്റിലേക്ക് വോട്ടെടുപ്പ് നടത്തുന്നതുതന്നെ അഞ്ചു ഘട്ടമായാണ്.
കർഷകർ ഡൽഹി അതിർത്തിയിലെ സമരമുഖത്ത് തമ്പടിച്ചു കഴിയുമ്പോൾതന്നെയാണ് തെരഞ്ഞെടുപ്പു പ്രഖ്യാപനം നടന്നത്. വിവാദ കാർഷിക നിയമം പിൻവലിച്ചപ്പോൾ കർഷകർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു നൽകിയ മിനിമം താങ്ങുവില നിയമനിർമാണ പ്രഖ്യാപനം നടപ്പാക്കാത്തതിനെതിരെയാണ് കർഷകർ വീണ്ടും സമരരംഗത്തിറങ്ങിയത്. അവരുമായി കേന്ദ്രമന്ത്രിമാർ നടത്തിയ ചർച്ച ഫലം കണ്ടില്ല. കേന്ദ്രസർക്കാറിനു കീഴിലെ ഉദ്യോഗസ്ഥ സമൂഹവും അമർഷത്തിലാണ്.
സർക്കാറിന് സാരമായി പരിക്കേൽപിച്ച ഇലക്ടറൽ ബോണ്ട് വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. തിങ്കളാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കാനിരിക്കുന്നു. അഴിമതിവിരുദ്ധത പ്രചാരണായുധമായി കൊണ്ടുനടന്ന മോദിസർക്കാറിനെയും ബി.ജെ.പിയേയും തെരഞ്ഞെടുപ്പു കാലത്ത് വിയർപ്പിക്കുന്ന വിഷയമായി നിൽക്കുകയാണ് ബി.ജെ.പി പ്രധാന സമ്പാദകരായ ഇലക്ടറൽ ബോണ്ട്.
രാമക്ഷേത്രം, ഏകസിവിൽ കോഡ്, സി.എ.എ ചട്ടം തുടങ്ങിയവ പ്രചാരണ വേദികളിൽ അലയടിക്കുമ്പോൾ മൂന്നാമൂഴത്തിലേക്ക് നടക്കാൻ പ്രയാസമുണ്ടാവില്ലെന്ന കണക്കുകൂട്ടലുകൾക്കൊപ്പമാണ് ഇത്തരം യാഥാർഥ്യങ്ങൾ ബി.ജെ.പിയെ പ്രശ്നത്തിലാക്കുന്നത്. കാര്യങ്ങൾ അത്ര പന്തിയല്ല. അതിന്റെ ചങ്കിടിപ്പ് പ്രകടവുമാണ്.
പുറമെ പറയുന്നതിനപ്പുറം, ബി.ജെ.പിക്കും മോദിസർക്കാറിനും മുന്നിൽ ഓരോ സീറ്റും പ്രധാനമാണെന്ന് വിവിധ പാർട്ടികൾക്കുള്ളിൽ നടത്തുന്ന പിളർത്തൽ, സ്ഥാനാർഥി മാറ്റം തുടങ്ങി ബി.ജെ.പിയുടെ ഓരോ നീക്കത്തിലും തെളിയുന്നു. ഇൻഡ്യ ചങ്ങാത്തമുള്ള ജെ.എം.എമ്മിനെയും വേറിട്ടു നീങ്ങുന്ന ബി.ആർ.എസിനെയും എൻഫോഴ്സ്മെന്റ് പിന്തുടർന്നു വരുന്നത് തെരഞ്ഞെടുപ്പു കാലത്തുതന്നെയാണ്.
ഡൽഹിയിലെ ഏഴിൽ ആറു സ്ഥാനാർഥികളെയും മാറ്റിയത് കടുത്ത ആശങ്ക മൂലമാണ്. എൻ.ഡി.എ സഖ്യത്തിൽനിന്ന് കൊഴിഞ്ഞുപോയ ടി.ഡി.പി തുടങ്ങി ഏതാനും പാർട്ടികളെ തിരിച്ചുകൊണ്ടുവരാനും പുറംപിന്തുണ നൽകിപ്പോന്നവരുമായി സഖ്യമുണ്ടാക്കാനുമെല്ലാം ബി.ജെ.പി തീവ്രശ്രമം നടത്തുന്നത് ലോക്സഭയിൽ മൂന്നിൽരണ്ട് ഭൂരിപക്ഷം നേടുമെന്ന അവകാശവാദങ്ങൾക്കിടയിലാണ്.
എം.എൽ.എമാരും മറ്റും നടത്തുന്ന കാലുമാറ്റം ജനപിന്തുണക്ക് തെളിവല്ലെന്ന യാഥാർഥ്യവും ബി.ജെ.പിക്കു മുന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.