ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യമുറപ്പിച്ച് ജെ.ഡി.എസ് നിയമസഭ കക്ഷിനേതാവ് കുമാരസ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി സീറ്റ് ചർച്ചയടക്കം നടത്താനായി ഡൽഹിയിലെത്തി.
മുൻപ്രധാനമന്ത്രിയും പാർട്ടി പരമോന്നത നേതാവുമായ ദേവഗൗഡ പ്രധാനമന്ത്രി മോദിയുമായും കൂടിക്കാഴ്ച നടത്തും. കർണാടകയിൽനിന്നുള്ള രാജ്യസഭാംഗമായ ഗൗഡ ഡൽഹിയിലുണ്ട്. ചർച്ചയുടെ വിശദാംശങ്ങൾ വെള്ളിയാഴ്ച അറിയിക്കാമെന്നാണ് യാത്ര തിരിക്കും മുമ്പേ കുമാരസ്വാമി പറഞ്ഞത്. സീറ്റ് വിഭജനം സംബന്ധിച്ച് ഇതുവരെ ചർച്ച നടന്നിട്ടില്ല.
ജെ.ഡി.എസ്സുമായി ധാരണയുണ്ടാകുമെന്നും നാല് സീറ്റുകൾ അവർക്ക് നൽകുമെന്നും ബി.ജെ.പി മുതിർന്ന നേതാവും പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്. യെദിയൂരപ്പ കഴിഞ്ഞ മാസം വെളിപ്പെടുത്തിയതോടെയാണ് സഖ്യ ചർച്ചകൾ വീണ്ടും സജീവമായത്. എന്നാൽ തുമകുരു, മാണ്ഡ്യ, ചിക്കബെല്ലാപുര, ഹാസൻ, ബംഗളൂരു റൂറൽ, കോലാർ തുടങ്ങി ആറുസീറ്റുകളിൽ അവകാശമുന്നയിക്കാനാണ് ജെ.ഡി.എസ് നീക്കം. കർണാടകയിൽ ആകെ 28 ലോക്സഭ സീറ്റാണുള്ളത്.
2019ലെ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളും ബി.ജെ.പിയാണ് നേടിയത്. മാണ്ഡ്യയിൽ ബി.ജെ.പി പിന്തുണയുള്ള നടി സുമലത അംബരീഷും ജയിച്ചു. കോൺഗ്രസിനും ജെ.ഡി.എസിനും ഓരോ സീറ്റ് നേടാനെ കഴിഞ്ഞുള്ളൂ. ജെ.ഡി.എസ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന സൂചനകൾ നേരത്തേയും വന്നിരുന്നുവെങ്കിലും ഒറ്റക്ക് മത്സരിക്കുമെന്നായിരുന്നു ദേവഗൗഡ പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.