ന്യൂഡൽഹി: പ്രതിരോധ വകുപ്പിനു കീഴിലെ അവശ്യസേവന വിഭാഗങ്ങളിൽ സമരം നിരോധിക്കുന്ന ബിൽ ലോക്സഭയിൽ സർക്കാർ പാസാക്കി. തൊഴിലാളി ദ്രോഹമാണ് സർക്കാർ ചെയ്യുന്നതെന്ന പ്രതിപക്ഷ വിമർശനം സർക്കാർ തള്ളി. ജൂണിൽ കൊണ്ടുവന്ന ഓർഡിനൻസിന് പകരമുള്ളതാണ് ബിൽ.
പെഗസസ് അടക്കമുള്ള വിഷയങ്ങളിൽ ചർച്ച അനുവദിക്കാത്ത സർക്കാർ നിലപാടിൽ പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനാൽ തുടർച്ചയായ മൂന്നാമത്തെ ആഴ്ചയും പാർലമെൻറ് സ്തംഭനം തുടരുന്നതിനിടയിലാണ് ചർച്ച കൂടാതെ ബിൽ ലോക്സഭ പാസാക്കിയത്. ഇത്രയും സുപ്രധാനമായ ബിൽ ചർച്ച കൂടാതെ പാസാക്കരുതെന്ന് ആർ.എസ്.പിയിലെ എൻ.കെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. കാടൻ നിയമമാണ് കൊണ്ടുവരുന്നതെന്ന് കോൺഗ്രസിലെ അധീർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടി. തൊഴിലാളിവിരുദ്ധ നിയമനിർമാണമാണ് നടത്തുന്നതെന്ന് തൃണമൂൽ കോൺഗ്രസിലെ സൗഗത റോയി കുറ്റപ്പെടുത്തി.
അതേസമയം, പാർലമെൻറ് പാസാക്കി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമം നടപ്പാക്കാൻ വഴിയൊരുങ്ങുമെങ്കിലും, ആവശ്യമെങ്കിൽ മാത്രമാണ് നിയമം പ്രാബല്യത്തിൽ കൊണ്ടുവരുകയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് വിശദീകരിച്ചു. ദേശസുരക്ഷ മുൻനിർത്തി നടത്തുന്ന നിയമനിർമാണം ശരിയായ അർഥത്തിൽ കാണണമെന്നായിരുന്നു അദ്ദേഹത്തിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.