ന്യൂഡൽഹി: 18ാം ലോക്സഭയുടെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ ഔദ്യോഗികമായി സ്വാഗതം ചെയ്ത് സ്പീക്കർ ഓം ബിർല. രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെന്‍റ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷം ലോക്സഭ ചേർന്നപ്പോഴാണ് സ്പീക്കർ സ്വാഗതം ചെയ്തത്. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് സ്പീക്കർ ആശംസകൾ നേരുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ലോക്സഭയിൽ നടത്തിയ കന്നിപ്രസംഗം ഏറെ പ്രശംസ നേടിയിരുന്നു. ഭരണകക്ഷിക്ക് രാഷ്ട്രീയ അധികാരമുണ്ടാകാമെന്നും എന്നാൽ പ്രതിപക്ഷവും ജനങ്ങളുടെ ശബ്ദം സഭയിൽ കേൾപ്പിക്കുന്നവരാണെന്നും രാഹുൽ സ്പീക്കറെ ഓർമിപ്പിച്ചു. എത്ര ഫലപ്രദമായി സഭ നടന്നോ എന്നതല്ല ഇന്ത്യയുടെ ശബ്ദം ഈ സഭയിൽ എത്രത്തോളം കേൾപ്പിക്കാൻ അവസരം നൽകി എന്നതാണ് ചോദ്യമെന്ന് രാഹുൽ തുറന്നടിച്ചു.
സ്പീക്കറെ സഹായിക്കാനും സഭ നടത്താനുമാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. പ്രതിപക്ഷത്തെ കേൾക്കൽ സുപ്രധാനമാണ്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് സഹകരണമുണ്ടാകുക. പ്രതിപക്ഷത്തിന്റെ ശബ്ദം ഈ സഭയിൽ കേൾക്കാൻ അനുവദിക്കണം. പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്തി സഭ കൊണ്ടുപോകാമെന്നത് ജനാധിപത്യ വിരുദ്ധമായ ആശയമാണ്.
ഇപ്രാവശ്യം കഴിഞ്ഞ തവണത്തേക്കാൾ നിർണായകമായ രീതിയിൽ പ്രതിപക്ഷം ഇന്ത്യൻ ജനതയുടെ ശബ്ദം കേൾപ്പിക്കും. രാജ്യത്തിന്റെ ഭരണഘടന പ്രതിപക്ഷം സംരക്ഷിക്കണമെന്ന് ഇന്ത്യൻ ജനത ആഗ്രഹിച്ച തെരഞ്ഞെടുപ്പാണിത്. തങ്ങളെ അതിന് അനുവദിച്ച് ഭരണഘടനയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സ്പീക്കർ നിർവഹിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രതിപക്ഷ നേതാവാകണമെന്ന് രാഹുൽ ഗാന്ധിയോട് കോൺഗ്രസിന്റെ വിശാല പ്രവർത്തകസമിതി യോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങ് അവതരിപ്പിച്ച പ്രമേയം യോഗം പാസാക്കുകയും ചെയ്തു.
തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് 18ാം ലോക്സഭയുടെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ ഇൻഡ്യ സഖ്യം തെരഞ്ഞെടുത്തത്. തുടർന്ന് രാഹുലിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തുവെന്ന് വ്യക്തമാക്കുന്ന കത്ത് പ്രോ ടൈം സ്പീക്കർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.