ലോക്‌സഭാ സ്പീക്കർ സ്ഥാനം; എൻ.ഡി.എയിൽ സമ്മർദ്ദ തന്ത്രവുമായി സഖ്യ കക്ഷികൾ

ന്യൂഡൽഹി: മൂന്നാം എൻ.ഡി.എ സർക്കാറിന്റെ ആദ്യ പാർലമെന്റ് സമ്മേളനം ജൂൺ 24 നാണ് ആരംഭിക്കുന്നത്. എട്ടു ദിവസം നീണ്ടു നിൽക്കുന്ന സെഷനിൽ 26 നാണ് ലോക്സഭ സ്പീക്കർ തെരഞ്ഞെടുപ്പ്. എന്നാൽ സ്പീക്കർ സ്ഥാനം സംബന്ധിച്ച് ഭരണകക്ഷിയായ എൻ.ഡി.എയിൽ ആഭ്യന്തര തർക്കം രൂക്ഷമായിരിക്കുകയാണ്.

ബി.ജെ.പി എന്തു തീരുമാനം എടുത്താലും അതിനെ പിന്തുണക്കുമെന്ന് നിതീഷ് കുമാറിന്റെ ജനദാതൾ (യു) പറയുമ്പോൾ സഖ്യത്തിലെ എല്ലാ പാർട്ടികളുടെയും സമ്മതത്തോടെയാണ് സ്ഥാനാർഥിയെ തെരഞ്ഞെടുക്കേണ്ടതെന്നാണ് ടി.ഡി.പിയുടെ നിലപാട്.

ജെ.ഡി.യുവും ടി.ഡി.പിയും എൻ.ഡി.എയിൽ സഖ്യകക്ഷികളാണെന്നും ബി.ജെ.പി നിർദേശിക്കുന്ന സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്നും ജനതാദൾ (യു) നേതാവ് കെ.സി ത്യാഗി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, സമവായമുള്ള സ്ഥാനാർഥിക്ക് മാത്രമേ സ്പീക്കർ സ്ഥാനം ലഭിക്കൂവെന്ന് ടി.ഡി.പി ദേശീയ വക്താവ് പട്ടാഭി റാം കൊമറെഡ്ഡി തിരിച്ചടിച്ചിട്ടുണ്ട്.

അതേ സമയം, സ്പീക്കർ സ്ഥാനം സഖ്യക്ഷികൾക്ക് നൽകണമെന്നും ബി.ജെ.പിക്ക് സ്പീക്കർ പദവി കിട്ടിയാൽ ജെ.ഡി.യുവും ടി.ഡി.പിയും തങ്ങളുടെ എം.പിമാരെ കുതിര കച്ചവടം നടത്തുന്നത് കാണേണ്ടിവരുമെന്നും കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞിരുന്നു.

സ്പീക്കർ സ്ഥാനത്തേക്ക് ജെ.ഡി.യുവിനെയും ടി.ഡി.പിയെയും പരിഗണിക്കണമെന്നാണ് ഇൻഡ്യ സഖ്യത്തിലെ ആം ആദ്മി പാർട്ടിയുടെ അഭിപ്രായം. 

അതേസമയം, ഡെപ്യൂട്ടി സ്പീക്കർ പദവി നൽകിയില്ലെങ്കിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം മത്സരിക്കുമെന്ന് സൂചന നൽകിയിട്ടുണ്ട്. ബി.ജെ.പി നേതാവ് ​ഓം ബിർളയായിരുന്നു 17ാം ലോക്സഭയിൽ സ്പീക്കർ. ഡെപ്യൂട്ടി സ്പീക്കർ പദവി ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.

Tags:    
News Summary - Lok Sabha Speaker: TDP has placed a condition for the post of Lok Sabha Speaker, BJP's tension has increased, what will Nitish Kumar do now?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.