ഗോരക്ഷക ഗുണ്ടകൾ ആക്രമിച്ച മൂന്നാമനും മരിച്ചു; പ്രതികളെ തൊടാതെ പൊലീസ്

റായ്പുർ: ഛത്തിസ്ഗഢിൽ കന്നുകാലികളെ കൊണ്ടുപോകുന്നതിനിടെ ഗോരക്ഷക ഗുണ്ടകളുടെ ക്രൂര ആക്രമണത്തിന് ഇരയായ മൂന്നാമനും മരിച്ചു. 10 ദിവസം അബോധാവസ്ഥയിൽ കഴിഞ്ഞ സദ്ദാം ഖുറേഷി (23) ആണ് ചൊവ്വാഴ്ച റായ്പൂരിലെ ശ്രീബാലാജി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ മരിച്ചത്.

അതേസമയം, ആൾക്കൂട്ട ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിട്ടും ഒരു പ്രതിയെ പോലും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ജൂൺ ഏഴിന് മൂന്നുപേരെയും റായ്പൂരിൽവെച്ചാണ് ആക്രമിച്ചത്. സദ്ദാം ഖുറേഷിയുടെ ബന്ധുക്കളായ ഗുഡ്ഡു ഖാൻ (35), ചാന്ദ് മിയ ഖാൻ (23) എന്നിവർ അതേ ദിവസം കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടക്കുമ്പോൾ സഹായം േതടി ഖുറേഷി ബന്ധു ഷുഹൈബിനെ ഫോണിൽ വിളിച്ചിരുന്നു. വിളിച്ചതിന് ശേഷം പോക്കറ്റിൽ സൂക്ഷിച്ച ഫോണിൽനിന്ന് ‘‘എന്നെ തല്ലല്ലേ, കുടിക്കാൻ കുറച്ചു വെള്ളം തരൂ’’വെന്നും പിന്നീട് ചിലർ ‘‘എവിടെ നിന്നാണ് കൊണ്ടുവന്നത്, നിന്നെ വെറുതെ വിടില്ല’’ എന്നും പറയുന്നത് കേട്ടിരുന്നുവെന്ന് ഷുഹൈബ് പറഞ്ഞു.

ആരോഗ്യം മെച്ചപ്പെട്ടാൽ ഖുറേഷിയുടെ മൊഴിയെടുക്കുമെന്നാണ് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നത്. വധശ്രമത്തിനും മനഃപൂർവമുള്ള നരഹത്യക്കുമാണ് പൊലീസ് കേസെടുത്തത്. ജൂൺ ഏഴിന് രാത്രി ഏഴുമണിക്ക് അബോധാവസ്ഥയിലാണ് ഖുറേഷിയെ ആശുപത്രിയിൽ എത്തിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുമ്പോൾ തലക്ക് ഗുരുതര പരിക്കേറ്റിരുന്നുവെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ദീപക് ജയ്സ്വാൾ പറഞ്ഞു.

Tags:    
News Summary - Lone Survivor of Raipur Cow Vigilante Attack Succumbs to Injuries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.