ഭരണത്തുടർച്ചക്ക് അരയും തലയും മുറുക്കി

2024 പൊതുതെരഞ്ഞെടുപ്പിന് രാജ്യം വിളിപ്പാടകലെ നിൽക്കെ ഭരണകക്ഷിയായ ബി.ജെ.പി അരയും തലയും മുറുക്കി ഭരണത്തുടർച്ചക്ക് ഒരുങ്ങിയിറങ്ങിയ കാഴ്ചകളാൽ സമൃദ്ധമായിരുന്നു ​രാഷ്ട്രീയ ഇന്ത്യയുടെ പോയവർഷം. പാർലമെന്റിൽ പ്രതിപക്ഷത്തെ കൂട്ടമായി സഭക്കു പുറത്താക്കിയതും തൊട്ടുമുമ്പ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി മേൽക്കൈ നേടിയതുമായിരുന്നു അവസാന സംഭവങ്ങളെങ്കിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയായിരുന്നു ഇതിന് തുടക്കം. എന്നിട്ടും പക്ഷേ, കണക്കുകളിൽ ഇനിയും സാധ്യതകൾ ബാക്കിയാണെന്ന് പ്രതിപക്ഷം പറയുന്നു. കഴിഞ്ഞ വർഷം രാജ്യത്തെ പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങൾ ഇവയാണ്.

മനീഷ് സിസോദിയ അകത്ത്

മദ്യനയ അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായി. തലസ്ഥാന നഗരം ഇപ്പോഴും സ്വന്തമായി നിലനിർത്തുന്ന ‘ആപി’നെ പരമാവധി പ്രതിരോധത്തിലാക്കാൻ മറ്റു പ്രമുഖരെയും കുരുക്കാൻ ശ്രമങ്ങൾ തകൃതിയാണ്.

വടക്കുകിഴക്കൻ തെരഞ്ഞെടുപ്പ്

ത്രിപുര, മേഘാലയ, നാഗലാൻഡ് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത് മാർച്ചിൽ. ഫലം വന്നപ്പോൾ മുഖ്യഭരണകക്ഷിയായി ത്രിപുരയിലും കൂട്ടുകക്ഷിയായി മറ്റു രണ്ടിടത്തും ബി.ജെ.പി അധികാരമുറപ്പിച്ചു.

രാഹുൽ പുറത്ത്; അകത്ത്

മാനനഷ്ടക്കേസിൽ ശിക്ഷ പ്രഖ്യാപിച്ച ഉടൻ രാഹുലിനെ സഭയിൽനിന്ന് അയോഗ്യത കൽപിച്ച് മാറ്റിനിർത്തി. 2019 തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രിയെ അപമാനിച്ചെന്ന കേസിൽ സൂറത്ത് കോടതിയാണ് രണ്ടു വർഷം തടവുശിക്ഷ വിധിച്ചത്. ബി.ജെ.പി സൂറത്ത് വെസ്റ്റ് എം.എൽ.എ പൂർണേഷ് മോദിയായിരുന്നു പരാതിക്കാരൻ. മാസങ്ങൾ കഴിഞ്ഞ് ആഗസ്റ്റിൽ രാഹുൽ തിരികെ സഭയിലെത്തിയെങ്കിലും ഇത് ഉയർത്തിയ പുകയും കനലും ഇനിയും അടങ്ങിയിട്ടില്ല.

അതീഖ് അഹ്മദ് വധം

ഉത്തർ പ്രദേശിൽ സമാജ്‍വാദി പാർട്ടി പാർലമെന്റംഗം അതീഖ് അഹ്മദും സഹോദരൻ അശ്റഫുമടക്കം പൊലീസ് നോക്കിനിൽക്കെ പോയിന്റ് ബ്ലാങ്കിൽ വെടിയേറ്റ് മരിച്ചു. പൊലീസ് കസ്റ്റഡിയിൽ മെഡിക്കൽ പരിശോധനക്കായി കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവർത്തകരെന്ന പേരിൽ എത്തിയവരാണ് അതീഖിനെ വധിച്ചത്.

മണിപ്പൂർ സംഘർഷം

മേയ് ആദ്യവാരത്തിൽ ഗോത്രവർഗ ഐക്യദാർഢ്യ റാലിക്കു പുറകെ മണിപ്പൂരിൽ പൊട്ടി​പ്പുറപ്പെട്ട സംഘർഷം ഇപ്പോഴും രാജ്യത്തെ മുൾമുനയിൽ നിർത്തുകയാണ്. ഭൂരിപക്ഷമായ മെയ്തെയ്കളും ഗോത്രവർഗ ന്യൂനപക്ഷമായ കുക്കികളും തമ്മി​ൽ ഉടനൊന്നും ഐക്യം എളുപ്പമാകില്ലെന്ന സൂചന നൽകി സംഘർഷം ​തുടരുന്നു. 33 ലക്ഷം ജനസംഖ്യയുള്ള സംസ്ഥാനത്ത് പകുതിയിലേറെ വരും മെയ്തെയ് വിഭാഗം. ഭരണകക്ഷിയായ ബി.ജെ.പി ഇവർക്കൊപ്പം നിൽക്കുന്നുവെന്നാണ് പരാതി. മഹാഭൂരിപക്ഷവും ക്രിസ്ത്യൻ വിശ്വാസം പിന്തുടരുന്ന കുക്കികൾ 43 ശതമാനം വരും.

‘കൈ’പിടിച്ച് കോൺഗ്രസ്

കർണാടകയിൽ ബി.ജെ.പിയെ തുരത്തി കോൺഗ്രസ് അധികാരമേറി. 224 അംഗ സഭയിൽ 135 സീറ്റ് നേടിയാണ് കോൺഗ്രസ് വൻഭൂരിപക്ഷത്തോടെ ദക്ഷിണേന്ത്യയിലെ ബി.ജെ.പി ശക്തി​കേന്ദ്രത്തിൽ അധികാരം തിരിച്ചുപിടിച്ചത്. സിദ്ധരാമ​യ്യ, -ഡി.കെ. ശിവകുമാർ കൂട്ടുകെട്ട് ദക്ഷിണേന്ത്യയിലെ അവശേഷിക്കുന്ന ബി.ജെ.പി ഭരണം കൂടി ഇല്ലാതാക്കിയത് കേന്ദ്രം തിരിച്ചുപിടിക്കാൻ സ്വപ്നം കാണുന്ന കോൺഗ്രസിന് നൽകുന്ന ആത്മവിശ്വാസം ​കുറച്ചൊന്നുമല്ല.

പുതിയ പാർലമെന്റ് മന്ദിരം

മേയ് അവസാനം രാജ്യത്ത് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടു. രാഷ്ട്രപതിയെ മാറ്റിനിർത്തി ഉദ്ഘാടന മാമാങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം ഏറ്റെടു​ത്തതിൽ പ്രതിഷേധിച്ച് 20 പ്രതിപക്ഷ കക്ഷികൾ പരിപാടിയിൽനിന്ന് വിട്ടുനിന്നു . നിലവിലെ പാർലമെന്റ് മന്ദിരത്തോടു ചേർന്ന് ഇനിയുമേറെ അംഗങ്ങളെ ഉൾക്കൊള്ളാവുന്ന നിലയിലാണ് പുതിയത് പൂർത്തിയായത്. ലോക്സഭയിൽ 888 ​അംഗങ്ങളും രാജ്യസഭയിൽ 384മടക്കം 1,272 പേരെ ഉൾക്കൊള്ളാവുന്നതാണ് പുതിയ മന്ദിരം.

‘ഇൻഡ്യ’ സഖ്യം

2024 പൊതുതെരഞ്ഞെടുപ്പിൽ ബി​.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യ സന്ദേശവുമായി ‘ഇൻഡ്യ’ സഖ്യം നിലവിൽവന്നു. ബി.ജെ.പിക്കെതിരെ പ്രമുഖ പ്രതിപക്ഷ കക്ഷികളെല്ലാം ചേർന്നാണ് സഖ്യത്തിന് രൂപം നൽകിയത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, ആപ്, ജനതാദൾ യുനൈറ്റഡ്, സമാജ്‍വാദി പാർട്ടി, നാഷനൽ കോൺഫറൻസ്, സി.പി.എം, സി.​പി.ഐ, മുസ്‍ലിം ലീഗ് തുടങ്ങി 26 കക്ഷികളാണ് സഖ്യത്തിലുള്ളത്.

‘ഇന്ത്യ’ക്ക് പകരം ‘ഭാരത്’

പ്രതിപക്ഷ സഖ്യം ‘ഇൻഡ്യ’യെന്ന പേരു സ്വീകരിച്ചതോടെ രാജ്യത്തിന്റെ പേര് പറയുന്നതിൽപോലും ഭരണപക്ഷത്തെ ആശയക്കുഴപ്പം പിടികൂടിയ പോലെയായി പിന്നീടുള്ള കാര്യങ്ങൾ. ‘ഭാരത്’ എന്നാണിപ്പോൾ സർക്കാർ വക എഴുത്തുകുത്തുകളിലും പ്രഖ്യാപനങ്ങളും ഉപയോഗിച്ചുവരുന്നത്. ‘ഇന്ത്യ’യെന്ന പേരു പോലും ഉപേക്ഷിക്കാൻ ബി.ജെ.പി ഭരിക്കുന്ന കേന്ദ്രം ആലോചിക്കുന്നതായി അഭ്യൂഹങ്ങൾ വന്നെങ്കിലും നിലവിൽ അങ്ങനെയൊരു തീരുമാനമില്ലെന്നാണ് വിശദീകരണം.

ഡൽഹി ഓർഡിനൻസ് ബിൽ

ഡൽഹിയിൽ ‘ആപ്’ ഭരിച്ചാലും കാര്യങ്ങൾ കൈവിടില്ലെന്ന് ഉറപ്പാക്കി കൊണ്ടുവന്ന ഡൽഹി ഓർഡിനൻസ് ബില്ലായിരുന്നു പോയവർഷത്തെ സംഭവങ്ങളിലൊന്ന്.

നാരി ശക്തി വന്ദൻ നിയമം

പാർലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ 33 ശതമാനം സ്ത്രീസംവരണം വാഗ്ദാനം ചെയ്ത് ‘നാരി ശക്തി വന്ദൻ നിയമം’ എന്ന ബിൽ സഭ കടന്നതും ഇതേ മാസത്തിൽ. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഏതായാലും ഈ നിയമം നടപ്പാക്കാനില്ലെന്ന ഉറപ്പോടെയാണ് ഭരണപക്ഷം നിയമം പാസാക്കിയത്. പാർട്ടികളിലേറെയും ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഏത് തെരഞ്ഞെടുപ്പ് മുതൽ ഇത് പ്രാബല്യത്തിലാകുമെന്ന് കണ്ടറിയണം.

‘പഞ്ചഗുസ്തി’യിൽ ബി.ജെ.പിക്ക് മേൽക്കൈ

നവംബറിലാണ് പൊതുതെരഞ്ഞെടുപ്പിന്റെ സെമി പോരാട്ടമെന്ന വിശേഷണത്തോടെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നത്. ഹിന്ദി ബെൽറ്റിലെ മൂന്നു സംസ്ഥാനങ്ങളും ബി.ജെ.പി പിടിച്ചപ്പോൾ തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലെത്തി. മിസോറാമിൽ പ്രാദേശിക കക്ഷിക്കായിരുന്നു ഭരണം. ഇവിടെ നേരത്തെ ബി.ജെ.പിക്കൊപ്പം നിന്ന കക്ഷി ഇത്തവണ വേറിട്ടുനിന്നായിരുന്നു മത്സരിച്ചത്. ഹിന്ദി ബെൽറ്റിൽ കോൺഗ്രസ് പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും സഖ്യകക്ഷികളുമായി സഖ്യം ചേരുന്നതിലെ വിമുഖതയും വില്ലനായപ്പോൾ തെലങ്കാനയിൽ എതിരാളികൾക്ക് അവസരം പോലും നൽകാതെയായിരുന്നു കോൺഗ്രസ് വാഴ്ച.

പാർലമെന്റ് ആക്രമണം

എല്ലാ പഴുതുമടച്ച് പുതുതായി തുറന്നതെന്ന് അവകാശവാദമുണ്ടായിരുന്ന പുതിയ പാർലമെന്റിൽ രണ്ടുപേർ ആക്രമണം നടത്തിയതിനും ഇരുവർക്കും പ്രവേശന പാസ് നൽകിയ ബി.ജെ.പി എം.പി ചോദ്യം ചെയ്യപ്പെട്ടതിനും രാജ്യം സാക്ഷിയായി. പാർലമെന്റ് ആക്രമണത്തിനെതിരെ പ്രതിപക്ഷം ​പ്രതിഷേധിച്ചപ്പോൾ സമാനതകളില്ലാത്ത കൂട്ട പുറത്താക്കലിലൂടെ പ്രശ്നം മൂടിവെക്കാനാണ് കേന്ദ്രം തിടുക്കപ്പെട്ടത്. കാരണക്കാരനായ ബി.ജെ.പി പ്രതിനിധി അകത്തിരി​ക്കുകയും അതിനെതിരെ ശബ്ദിച്ച 146 എം.പിമാർ പുറത്താകുകയും ചെയ്ത വൈരുധ്യത്തിനാണ് രാജ്യം സാക്ഷിയായതെന്ന അപൂർവതയും ഇതിനുണ്ട്. പ്രതിപക്ഷ അംഗങ്ങൾ സഭക്ക് പുറത്തായത് ക്രിമിനൽ നിയമമടക്കം പാസാക്കാൻ ഭരണപക്ഷം അവസരമാക്കി.

മഹുവ മൊയ്ത്ര അതിവേഗം പുറത്ത്

തൃണമൂൽ എം.പി മഹുവ മൊയ് ത്രയെ സഭയിൽനിന്ന് പുറത്താക്കി. ‘ചോദ്യത്തിന് പകരം കോഴ’ കേസിൽ ഭരണപക്ഷം അവതരിപ്പിച്ച പുറത്താക്കൽ പ്രമേയം എളുപ്പം സഭ കടക്കുകയായിരുന്നു. പാർലമെന്റ് അംഗത്തിനുള്ള ലോഗിൻ പാസ്​വേഡ് പുറത്തുനിന്നുള്ളവർക്ക് കൈമാറിയത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും പുറത്താക്കണമെന്നുമായിരുന്നു എത്തിക്സ് കമ്മിറ്റി ശിപാർശ.

ഒഡിഷ ബാലസോർ അപകടം: 297 മരണം

ചെന്നൈയിലേക്ക് പുറപ്പെട്ട കോറമാണ്ഡല്‍ എക്സ്പ്രസ്, ഗുഡ്സ് ട്രെയിനില്‍ ഇടിച്ച് പാളം തെറ്റിയ കോച്ചുകളിലേക്ക് ഹൗറയിലേക്ക് പുറപ്പെട്ട യശ്വന്ത്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് കൂട്ടിയിടിച്ചാണ് രാജ്യത്തെ നടുക്കിയ അപകടം സംഭവിച്ചത്. ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസിലും കോറമാണ്ഡൽ എക്‌സ്‌പ്രസിലും ആകെ 2,296 യാത്രക്കാരാണ് ഉണ്ടായിരുന്നത്.1200ലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റു.

370ാം വകുപ്പ് റദ്ദാക്കിയത് അംഗീകരിച്ചു

ജമ്മു കശ്മീരിന് പ്രത്യേക അവകാശം നൽകിയ 370ാം വകുപ്പ് എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ തീരുമാനത്തിന് സുപ്രീം കോടതി അംഗീകാരം നൽകിയതും നിർണായകമായി.

Tags:    
News Summary - Look Back 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.