ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നു

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ ജൂൺ 11ഓടെ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്‍റെ അറിയിപ്പ്. പശ്ചിമ ബംഗാൾ, ഒഡിഷ, ബിഹാർ, ഝാർഖണ്ഡ്, ഛത്തീസ്ഗഡ്, സിക്കിം എന്നിവിടങ്ങളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിപ്പെടാൻ ന്യൂനമർദം കാരണമാകും. ജൂൺ 10 മുതൽ കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ന്യൂനമർദം ചുഴലിക്കാറ്റായി രൂപപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈയടുത്ത് ടൗട്ടേ, യാസ് ചുഴലിക്കാറ്റുകൾ വീശിയടിച്ച് വിവിധ സംസ്ഥാനങ്ങളിൽ കനത്ത നാശത്തിന് കാരണമായിരുന്നു.

കേരളത്തിൽ 11 മുതൽ ശക്തമായ മഴ

കേരളത്തിൽ കാലവർഷത്തിന്‍റെ ഭാഗമായി ജൂൺ 11 മുതൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 11ന് തിരുവനന്തപുരം, തൃശൂർ, പാലക്കാട് എന്നിവയൊഴികെ എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 12ന് തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

13ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, തൃശൂർ, പാലക്കാട്, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് ജൂൺ 10 രാത്രി 11.30 വരെ 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.*

കേരള തീരത്ത് നിന്നുള്ള മൽസ്യബന്ധനം ജൂൺ 13 വരെ പൂർണ്ണമായും നിരോധിച്ചു. യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം തുടങ്ങിയവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

Tags:    
News Summary - Low pressure likely to form over Bay of Bengal on June 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.