ഹർപ്രീത് കൗർ 

അമേരിക്കയിൽ സുഹൃത്ത് വെടിവെച്ച് കൊന്ന മകളുടെ മൃതദേഹം കാത്ത് കണ്ണീരോടെ കുടുംബം

റായ്കോട്ട് (പഞ്ചാബ്): അമേരിക്കയിൽ സുഹൃത്ത് വെടിവെച്ച് കൊന്ന മകളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കണ്ണീരോടെ കാത്തിരിക്കുകയാണ് പഞ്ചാബിലെ കർഷക കുടുംബം. 34കാരിയായ ഹർപ്രീത് കൗർ എന്ന നവ് സരൺ ആണ് അമേരിക്കയിലെ കാലിഫോർണിയയിലെ റോസ് വില്ലെയിലെ മാളിൽ കൊല്ലപ്പെട്ടത്. യുവതിയുടെ സുഹൃത്ത് 29കാരനായ സിംറാൻജിത് സിങ്ങിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.

ലുധിയാന ജില്ലയിലെ ബ്രഹംപൂർ ഗ്രാമത്തിലെ ചെറിയ കർഷക കുടുംബത്തിലെ അംഗമാണ് യുവതി. തങ്ങളുടെ മകളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കുടുംബം നെട്ടോട്ടമോടുകയാണിപ്പോൾ. റോസ് വില്ലെ പൊലീസിന്‍റെ കസ്റ്റഡിയിൽ മോർച്ചറിയിലാണ് മൃതദേഹമുള്ളത്.

സഹോദരങ്ങൾക്കൊപ്പം ബ്രഹംപൂർ ഗ്രാമത്തിൽ കൃഷിയിലേർപ്പെട്ടും മറ്റും കഠിനാധ്വാനം ചെയ്തായിരുന്നു ഹർപ്രീതിന്‍റെ ജീവിതം. ഒമ്പത് വർഷം മുമ്പ് ജോലി തേടി മലേഷ്യയിലേക്ക് പോയി. വിവിധ ജോലികൾക്കു പുറമെ കുറച്ച് വർഷങ്ങൾക്ക് മുമ്പ് വ്ലോഗിങ് ആരംഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് ഹർപ്രീത് ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടി ജനപ്രിയ വ്ലോഗറായി മാറി.

മലേഷ്യയിൽ വെച്ചാണ് ഹർപ്രീതും സിംറാൻജിത്തും പരിചയപ്പെട്ടത്. അമേരിക്കയിലേക്ക് പോകാമെന്നും അമേരിക്കയിലെത്തിയാൽ വിവാഹം കഴിക്കാമെന്നും സിംറാൻജിത് വാക്ക് നൽകിയിരുന്നത്രെ. ഇതിനിടെ, സമൂഹ മാധ്യമങ്ങളിലെ ഹർപ്രീതിന്‍റെ ഇടപെടലുകൾ സിംറാൻജിത്ത് നിയന്ത്രിക്കാനും ശ്രമിച്ചിരുന്നെന്നും കുടുംബം പറയുന്നു. തുടർന്ന് അഞ്ചു മാസം മുമ്പ് ഇരുവരും അമേരിക്കയിലെത്തിയത്.

സംഭവത്തിന് മൂന്ന് ദിവസം മുമ്പ് ഇരുവരും തമ്മിൽ വലിയ വഴക്ക് നടന്നിരുന്നു. എല്ലാം പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് ഹർപ്രീതിനെ സിംറാൻജിത് റോസ് വില്ലെയിലെ മാളിലേക്ക് ക്ഷണിക്കുകയായിരുന്നു. മാളിന്‍റെ പാർക്കിങ്ങിൽ വെച്ച് ഹർപ്രീതിനെ വെടിവെച്ച് കൊലപ്പെടുത്തി. നാലു ബുള്ളറ്റുകളാണ് യുവതിയുടെ ശരീരത്തിൽ തറച്ചത്. തങ്ങളുടെ മകൾ കൊല്ലപ്പെട്ട അപ്രതീക്ഷിത വാർത്തയുടെ ആഘാതത്തിൽനിന്ന് ഇപ്പോഴും മുക്തരായിട്ടില്ല ബ്രഹംപൂർ ഗ്രാമത്തിലെ കുടുംബം.

Tags:    
News Summary - Ludhiana girl shot dead by boyfriend in US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.