മധ്യപ്രദേശിൽ ബി.ജെ.പിക്ക് തിരിച്ചടി; രണ്ട് എം.എൽ.എമാർ സർക്കാറിന് അനുകൂലമായി വോട്ട് ചെയ്തു

ഭോപാൽ: ദേശീയ നേതൃത്വത്തിന്‍റെ അനുമതി ലഭിച്ചാൽ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാറിനെയും വീഴ്ത്തുമെന്ന ബി.ജെ.പി ന േതാവിന്‍റെ പ്രസ്താവനക്ക് പിന്നാലെ മധ്യപ്രദേശ് നിയമസഭയിൽ ബി.ജെ.പിക്ക് തിരിച്ചടി. ക്രിമിനൽ നിയമഭേദഗതി ബില്ലിൽ നടന്ന വോട്ടെടുപ്പിൽ രണ്ട് ബി.ജെ.പി എം.എൽ.എമാർ സർക്കാറിന് അനുകൂലമായി വോട്ട് ചെയ്തു.

നാരായൺ ത്രിപാദി, ശരദ് കോൾ എന്നീ ബി.ജെ.പി എം.എൽ.എമാരാണ് സർക്കാറിന് അനുകൂലമായി വോട്ട് ചെയ്തത്. ഇത് തന്‍റെ 'വീട്ടിലേക്കുള്ള തിരിച്ചുപോക്ക്' (ഘർ വാപസി) ആണെന്ന് നാരായൺ ത്രിപാദി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസ് എം.എൽ.എ ആയിരുന്ന ത്രിപാദി 2014ലാണ് ബി.ജെ.പിയിൽ ചേക്കേറിയത്.

നേരത്തെ, ബി.ജെ.പിയിലെ നമ്പര്‍ വണ്ണും ടൂവും അനുകൂലമായ സിഗ്നല്‍ നല്‍കിയാല്‍ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാർ 24 മണിക്കൂറിനുള്ളില്‍ താഴെവീഴുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞത്. കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാറിനെ ബി.ജെ.പി അട്ടിമറിച്ച സാഹചര്യത്തിലായിരുന്നു പ്രസ്താവന.

ഇതിന് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി കമൽനാഥ് രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ ആഗ്രഹം നടക്കില്ലെന്നും കോൺഗ്രസിന്‍റെ എം.പിമാരും എം.എൽ.എമാരും വിൽപനക്കുള്ളതല്ലെന്നും കമൽനാഥ് പറഞ്ഞിരുന്നു.

231 അംഗ നിയമസഭയിൽ 121 പേരുടെ പിന്തുണയോടെയാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ ഭരിക്കുന്നത്. കോൺഗ്രസിന് 114 സീറ്റുണ്ട്. നാല് സ്വതന്ത്രരുടെയും രണ്ട് ബി.എസ്.പി എം.എൽ.എമാരുടെയും ഒരു എസ്.പി എം.എൽ.എയുടെയും പിന്തുണ കോൺഗ്രസിനുണ്ട്. ബി.ജെ.പിക്ക് 108 സീറ്റാണുള്ളത്.

Tags:    
News Summary - madhyapradesh assemby two bjp mlas votes for govt -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.