അപകീർത്തി പരാമർശം: ബി.ജെ.പി നേതാവിനെതിരായ 11 കേസുകൾ റദ്ദാക്കില്ല; ‘പൊതുപ്രവർത്തകർ പറയുന്ന ഓരാ വാക്കും പ്രധാനപ്പെട്ടത്’

ചെന്നൈ: പൊതുപ്രവർത്തകർ ഉച്ചരിക്കുന്ന ഓരോ വാക്കും പ്രധാനപ്പെട്ടതാണെന്നും മറ്റുള്ളവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തരുതെന്നും മദ്രാസ് ഹൈകോടതി. അപകീർത്തി പരാമർശം നടത്തിയ ബി.ജെ.പി നേതാവ് എച്ച്. രാജയ്‌ക്കെതിരെ തമിഴ്‌നാട്ടിലുടനീളം രജിസ്റ്റർ ചെയ്ത 11 എഫ്‌.ഐ.ആർ റദ്ദാക്കണമെന്ന ഹരജി തള്ളി ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷാണ് ഇക്കാര്യം പറഞ്ഞത്.

ദ്രാവിഡ സൈദ്ധാന്തികൻ പെരിയാർ ഇ.വി രാമസ്വാമി, അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധി, ഡിഎംകെ എംപി കനിമൊഴി, ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് (എച്ച്ആർ&സിഇ) വകുപ്പിലെ നിരവധി ഉദ്യോഗസ്ഥർ, അവരുടെ ഭാര്യമാർ എന്നിവർക്കെതിരെ എച്ച്. രാജ 2018ൽ ഒരു പൊതുപരിപാടിയിൽ നടത്തിയ അപകീർത്തികരമായ പ്രസംഗവും സോഷ്യൽ മീഡിയ പോസ്റ്റുകളുമാണ് കേസിനാസ്പദമായത്. ആ സമയത്ത് താൻ ഏറെ മാനസികവേദനയിലായിരുന്നുവെന്നും അതിനാലാണ് അത്തരം പരാമർശങ്ങൾ നടത്തിയതെന്നു​മുള്ള രാജയുടെ വിശദീകരണം ജസ്റ്റിസ് വെങ്കിടേഷ് തള്ളി.

പൊതുപ്രവർത്തകൻ എന്തുമനോവേദന അനുഭവിച്ചാലും തന്റെ ഭാഷ ശ്രദ്ധിക്കണ​മെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “പൊതുപ്രവർത്തകനായ ഒരു വ്യക്തി തന്റെ മനോവേദന പ്രകടിപ്പിക്കുമ്പോൾ ഉച്ചരിക്കുന്ന ഓരോ വാക്കും പ്രധാനമാണ്. അത് മറ്റുള്ളവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളിൽ കലാശിക്കരുത്” -ജസ്റ്റിസ് വെങ്കിടേഷ് പറഞ്ഞു.

രാജ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ താൻ കേട്ടുവെന്നും അതിൽ പെരിയാറിനെതിരെ അദ്ദേഹം നടത്തിയ പരാമർശങ്ങൾ യഥാർത്ഥത്തിൽ വിദ്വേഷ പ്രസംഗത്തിന്റെ പരിധിയിൽ വരുമെന്നും സ്ത്രീകൾക്കെതിരായ അദ്ദേഹത്തിന്റെ പരാമർശങ്ങൾ വളരെ അപകീർത്തികരമാ​ണെന്നും ​ജഡ്ജി നിരീക്ഷിച്ചു. മുൻ ബി.ജെ.പി എം.എൽ.എ കൂടിയായ രാജയുടെ അഭിപ്രായങ്ങൾ സമൂഹത്തെ പ്രതികൂലമായി ബാധിച്ചതായും സംസ്ഥാനത്തുടനീളം അസ്വസ്ഥത സൃഷ്ടിച്ചതായും ചൂണ്ടിക്കാണിച്ച കോടതി ഇളവ് അനുവദിക്കാൻ വിസമ്മതിച്ചു.

“പെരിയാറിന്റെ ആശയങ്ങളോടും ചിന്തകളോടും വിയോജിക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1)(എ) പ്രകാരം അത്തരമൊരു സ്വാതന്ത്ര്യം പ്രകടിപ്പിക്കാനും കഴിയും. എന്നാൽ, ആ അഭിപ്രായം എങ്ങനെ പ്രകടിപ്പിക്കണം എന്നതാണ് ചോദ്യം. ഭരണഘടന തന്നെ ആർട്ടിക്കിൾ 19(2) പ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിമിതി നൽകുന്നുണ്ട്. അതിരു കടക്കുന്നതോ അക്രമത്തിന് പ്രേരിപ്പിക്കുന്ന സ്വഭാവമുള്ളതോ അപകീർത്തികരമോ മാന്യതയില്ലാത്തതോ ആകാൻ പാടില്ല. പെരിയാറിന്റെ പ്രതിമകൾ അശുദ്ധമാക്കാനുള്ള നീക്കങ്ങൾ വളരെയധികം അസ്വസ്ഥത സൃഷ്ടിക്കുകയും ചിലപ്പോൾ അക്രമത്തിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്. കേസിൽ തീരുമാനം എടുക്കുമ്പോൾ ഈ സുപ്രധാന കാര്യം കോടതി ശ്രദ്ധിക്കേണ്ടതുണ്ട്” കോടതി പറഞ്ഞു.

അതേസമയം, സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് രാജയ്‌ക്കെതിരെ ചുമത്തിയ ഏഴ് കേസുകൾ തമിഴ്‌നാട്ടിലെ ശ്രീവില്ലിപുത്തൂർ ജില്ലയിലെ എംപിമാർക്കും എംഎൽഎമാർക്കുമുള്ള പ്രത്യേക കോടതിയിലേക്ക് മാറ്റാൻ ജസ്റ്റിസ് വെങ്കിടേഷ് ഉത്തരവിട്ടു. പെരിയാറിനും മറ്റ് രാഷ്ട്രീയ നേതാക്കൾക്കുമെതിരെ രാജ നടത്തിയ അപകീർത്തി പരാമർശവുമായി ബന്ധപ്പെട്ട് ഈറോഡ് ജില്ലയിലും ചെന്നൈയിലുമുള്ള ബാക്കി നാല് കേസുകളുടെ വിചാരണ ചെന്നൈയിലെ പ്രത്യേക കോടതിയിൽ ഒരുമിച്ച് നടത്താമെന്നും ജഡ്ജി പറഞ്ഞു. രാജയ്ക്ക് വേണ്ടി അഡ്വ. ആർ സി പോൾ കനകരാജ്, പി.ജെ അനിത എന്നിവർ ഹാജരായി. തമിഴ്‌നാട് സർക്കാരിന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം. ബാബു മുത്തു മീരാൻ ഹാജരായി.

Tags:    
News Summary - Madras High Courts refuses to quash 11 FIRs against BJP's H Raja for remarks against Periyar, DMK leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.