മഹാദേവ് ആപ്പ് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ സൗരഭ് ചന്ദ്രകർ ദുബൈയിൽ അറസ്റ്റിൽ

ന്യൂഡൽഹി: മഹാദേവ് ഓൺലൈൻ വാതുവെപ്പ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സൗരഭ് ചന്ദ്രാകർ ദുബൈയിൽ അറസ്റ്റിലായി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിനെ തുടർന്നാണ് ചന്ദ്രാകറിനെ അറസ്റ്റ് ചെയ്തത്. അനധികൃത വാതുവെപ്പ് ചൂതാട്ട വെബ്‌സൈറ്റുകൾ വഴി പൊതു ജനങ്ങളിൽനിന്ന് 5000 കോടിയിലധികം രൂപ വഞ്ചിച്ചതായാണ് കണക്കാക്കുന്നത്.

ചന്ദ്രാകറിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ അധികൃതർ ശ്രമിച്ചുകൊണ്ടിരിക്കേയാണ് അറസ്റ്റ്. ഒരാഴ്ചയ്ക്കുള്ളിൽ ചന്ദ്രാകറിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു. മഹാദേവ് ആപ്പ് ഇന്ത്യയിലുടനീളം അനധികൃത വാതുവെപ്പ് പ്രവർത്തനങ്ങളിലൂടെ പണം വെളുപ്പിച്ചതായാണ് ആരോപണം. ഡി കമ്പനിയുമായും ചന്ദ്രാകറിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നു.

മഹാദേവ് ആപ്പിനെതിരെ നിരവധി സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2023 ഡിസംബറിൽ ആപ്പിന്റെ മറ്റൊരു പ്രൊമോട്ടറായ രവി ഉപ്പലിനെ ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് നോട്ടീസ് പ്രകാരം ദുബൈയിൽ കസ്റ്റഡിയിലെടുത്തിരുന്നു.

യു.എ.ഇയിലെ ഹെഡ് ഓഫിസിൽ നിന്നാണ് മഹാദേവ് ഓൺലൈൻ ബുക്ക് ആപ്പ് പ്രവർത്തിക്കുന്നതെന്ന് ഇ.ഡി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കമ്പനി പ്രമോട്ടർമാർ ഛത്തീസ്ഗഡിലെ ഭിലായിൽ നിന്നുള്ളവരാണ്. 70/30 ശതമാനം ലാഭാനുപാതത്തിൽ സഹകാരികൾക്ക് ശാഖ തുറന്നു കൊടുത്താണ് ആപ്പിന്റെ ശൃംഖല പ്രവർത്തിക്കുന്നത്. വാതുവെപ്പിലൂടെ ലഭിക്കുന്ന വിവിധ അക്കൗണ്ടുകളിലേക്ക് ഒഴുക്കിവിടാൻ ഹവാല പ്രവർത്തനങ്ങൾ നടക്കുന്നതായും ഇ.ഡി പറയുന്നു. 

Tags:    
News Summary - Mahadev App Scam: Mastermind Saurabh Chandrakar Arrested in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.