ഡോക്ടർമാരോട് നിരാഹാര സമരം അവസാനിപ്പിക്കാൻ അഭ്യർഥിച്ച് തൃണമൂൽ നേതാവ് കുനാൽ ഘോഷ്

കൊൽക്കത്ത: കൊൽക്കത്തയിലെ ജൂനിയർ ​ഡോക്ടർമാരോട് നിരാഹാരസമരം അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ച് തൃണമൂൽ നേതാവ് കുനാൽ ഘോഷ്. ദുർഗാപൂജ ഉത്സവ സീസണിലും നിരാഹാര സമരം തുടരുമെന്ന് പശ്ചിമ ബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് ഫ്രണ്ട് വ്യക്തമാക്കിയതിന് പിന്നാലെയാണ് മുൻ തൃണമൂൽ രാജ്യസഭ എം.പി സമരം പിൻവലിക്കാൻ അഭ്യർഥിച്ച് ‘എക്സി’ൽ പോസ്റ്റ് ഇട്ടത്. എന്നാൽ, ജൂനിയർ ഡോക്ടർമാർ തങ്ങളുടെ നിരാഹാര സമരം തുടരുമെന്ന് പ്രതിജ്ഞയെടുത്തു. ശാരീരിക അവശതയെ തുടർന്ന് ഡോക്ടർമാരിൽ ഒരാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടിവന്നു.

ശാരദാ അഴിമതിയുമായി ബന്ധപ്പെട്ട് തടവിലാക്കപ്പെട്ട ത​ന്‍റെ നിരാഹാര സമര ദിനങ്ങളെക്കുറിച്ചും കുനാൽ ഘോഷ് പോസ്റ്റിൽ പരാമർശിച്ചു. ‘എനിക്ക് അവരോട് രണ്ട് കാര്യങ്ങൾ പറയാനുണ്ട്. ഞാൻ ആവർത്തിച്ച് നിരാഹാര സമരം നടത്തിയിട്ടുണ്ട്. സി.സി.ടി.വി ക്യാമറകളുടെയും ഗാർഡുകളുടെയും ഓഫിസർമാരുടെയും കണ്ണുകൾക്ക് കീഴിൽ നീണ്ടുനിന്ന ഒന്നായിരുന്നു. ചിലപ്പോൾ വെള്ളം മാത്രം കുടിച്ച്. ചിലപ്പോൾ വെള്ളമില്ലാതെയും. 12 ദിവസം വരെ എനിക്ക് ജയിൽ വളപ്പിൽ പ്രഭാത നടത്തം തുടരാമായിരുന്നു. അതിനുശേഷം അതിന് കഴിഞ്ഞില്ല. ഞാൻ നടക്കേണ്ട മുറ്റവും നിരീക്ഷണത്തിലായിരുന്നു. സമ്മർദങ്ങളും പ്രകോപനങ്ങളും വശീകരണങ്ങളും ഉണ്ടായിരുന്നു. പക്ഷേ, ഒന്നിനും നിലപാടിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാനായില്ല -ഘോഷ് എഴുതി.

ധർമ്മതലയിലെ ഹൂഗ്ലിയിലെ സിംഗൂരിൽ ടാറ്റ മോട്ടോഴ്‌സി​ന്‍റെ പ്ലാന്‍റ് നിർമിക്കുന്നതിനെതിരെ 2006 ഡിസംബറിൽ കൊൽക്കത്തയുടെ ഹൃദയഭാഗത്ത് മുഖ്യമന്ത്രി മമത ബാനർജിയും 26 ദിവസത്തെ നിരാഹാര സമരം നടത്തിയിട്ടുണ്ടെന്നും കുനാൽ ചൂണ്ടിക്കാട്ടി.

ശാരദാ അഴിമതിക്കേസിൽ നിരപരാധിത്വം തെളിയിക്കാനുള്ള പോരാട്ടം തുടരുന്നതിനിടയിൽ പാർട്ടിക്കുള്ളിൽ തുടരുക എന്ന അതുല്യമായ നേട്ടം കൈവരിച്ചതായും കുനാൽ അവകാശപ്പെട്ടു. 2013 നവംബറിൽ അറസ്റ്റിലാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തൃണമൂൽ രാജ്യസഭാ എം.പിയായിരുന്ന ഘോഷിനെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു.

കൊൽക്കത്തയിലെ ആർ.ജി. കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ നീതി ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരം വീണ്ടും ശക്തിപ്പെടുകയാണ്.

Tags:    
News Summary - Trinamul's Kunal Ghosh urges doctors to end hunger strike, they vow to fight on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.