മുംബൈ: മഹാരാഷ്ട്രയിൽ കോൺഗ്രസും ഉദ്ധവ് പക്ഷ ശിവസേനയും തമ്മിലെ സീറ്റ് വിഭജന കുരുക്കഴിഞ്ഞില്ല. വിദർഭയിലെ ഏതാനും സീറ്റുകളെ ചൊല്ലി ഉദ്ധവ് പക്ഷവും കോൺഗ്രസും കടുംപിടിത്തത്തിലാണ്. ഇതേതുടർന്ന് കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം മുടങ്ങി.
ലോക്സഭ തെരഞ്ഞെടുപ്പിൽ തങ്ങൾ മൂന്ന് സീറ്റുകൾ കോൺഗ്രസിന് വിട്ടുനൽകിയത് ചൂണ്ടിക്കാട്ടിയാണ് ശിവസേന വിദർഭയിൽ കൂടുതൽ സീറ്റുകൾക്കായി വാശിപിടിക്കുന്നത്. തങ്ങളുടെ ശക്തികേന്ദ്രങ്ങൾ വിട്ടുകൊടുക്കാനാകില്ലെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വവും വാശിയിലാണ്.
കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, മുകുൾ വാസ്നിക് എന്നിവരുമായി ഉദ്ധവ് പക്ഷം ഫോണിൽ ബന്ധപ്പെട്ടു. ഉദ്ധവ് പക്ഷവും കോൺഗ്രസും വേറെവേറെയായി എൻ.സി.പി സ്ഥാപകൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. പവാറുമായുള്ള ചർച്ച ചൊവ്വാഴ്ചയും തുടരും. ദേശീയ താൽപര്യം മുൻനിർത്തി കോൺഗ്രസ് വിട്ടുവീഴ്ചക്ക് തയാറാകണമെന്നാണ് ഉദ്ധവ് പക്ഷം പറയുന്നത്.
ഇതിനിടയിൽ കോൺഗ്രസ് മഹാവികാസ് അഘാഡി (എം.വി.എ) സഖ്യം വിടുമെന്നും ഉദ്ധവ് താക്കറെ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടെന്നുമുള്ള അഭ്യൂഹങ്ങളുമുണ്ടായി. കോൺഗ്രസും ഉദ്ധവ് പക്ഷവും ശരദ് പവാർ പക്ഷ എൻ.സി.പിയും ഒന്നിച്ചുതന്നെ മത്സരിക്കുെമന്ന് കോൺഗ്രസ് നേതാവ് വിജയ് വഡേതിവാർ ആവർത്തിച്ചു. ഉദ്ധവ് -ഫഡ്നാവിസ് കൂടിക്കാഴ്ച എന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബി.ജെ.പി പടച്ചുവിട്ടതാണെന്ന് ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവുത്തും പറഞ്ഞു.
അതേസമയം, ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതോടെ ബി.ജെ.പിയിൽ തർക്കവും തുടങ്ങി. നവി മുംബൈയിൽ ഗണേഷ് നായികിന് സീറ്റ് ലഭിച്ചെങ്കിലും മകൻ സന്ദീപ് നായികിന് സീറ്റ് നൽകിയില്ല. ഇതേതുടർന്ന് ഇരുവരും ശരദ് പവാർ പക്ഷത്തേക്ക് കൂറുമാറാനുള്ള നീക്കത്തിലാണെന്നാണ് സൂചന.
ചന്ദ്വാഡ് മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എ രാഹുൽ ആഹെർ തനിക്ക് പകരം സഹോദരൻ കേദാ ആഹെറിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നേതൃത്വം രാഹുലിനാണ് സീറ്റ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.