മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ നെഞ്ചിടി​പ്പേറ്റി 500 പുള്ളിപ്പുലികളുടെ സ്വൈരവിഹാരം

മുംബൈ: ഒരു തെരഞ്ഞെടുപ്പി​ന്‍റെ ജയപരാജയങ്ങൾ നിർണയിക്കാൻ പുലികൾക്കാവുമോ? എന്നാൽ, തെഞ്ഞെടുപ്പിനൊരുങ്ങുന്ന മഹാരാഷ്ട്രയിലെ ജുന്നാർ താലൂക്കിൽനിന്നുള്ള വർത്തമാനങ്ങൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. നാല് താലൂക്കുകളിലും 230 വില്ലേജുകളിലുമായി വിഹരിക്കുന്ന 500 പുള്ളിപ്പുലികളുമായുള്ള ജീവൻമരണപ്പോരാട്ടത്തിലാണ് അവിടുത്തെ ജനങ്ങൾ. ആക്രമണ സാധ്യതാ മുനറിയിപ്പ് നൽകിയിരിക്കുകയാണ് ജില്ലാ കലക്ടർ സുഹാസ് ദിവസ്. കഴിഞ്ഞയാഴ്ചയാണ് പുണെ ജില്ലയിലെ ജുന്നാർ താലൂക്കിനെ പുലി ദുരന്ത മേഖലയായി പ്രഖ്യാപിച്ചത്.

കുറഞ്ഞ കാലയളവിൽ നിരവധി പേർക്കാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. പലർക്കും മാരകമായ മുറിവേറ്റു. ‘പുലി കുതിച്ചതിനുപിന്നാലെ കുട്ടിയുടെ ബബാ എന്ന നിലവിളികേട്ടു. തുടർന്ന് അവനെ വലിച്ചിഴച്ചു. ഞാൻ പേടിച്ചു നിലവിളിക്കാൻ തുടങ്ങി. എല്ലാവരും ഉണർന്നു. ഇരുട്ടായതിനാൽ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല - രാംദാസ് ജാദവ് എന്നയാൾ നടുക്കുന്ന അനുഭവം വിവരിക്കുന്നു. സെപ്റ്റംബർ 25 നായിരുന്നു അത്. ഒമ്പതു വയസ്സുള്ള ചെറുമകൻ രൂപേഷ് പുലർച്ചെ പ്രാഥമിക കൃത്യത്തിന് പുറത്തിറങ്ങിയപ്പോൾ പുള്ളിപ്പുലി അവ​ന്‍റെ നേരെ കുതിച്ചു. ഒരു മണിക്കൂറിന് ശേഷമാണ് രൂപേഷി​ന്‍റെ മൃതദേഹം വനപാലകർ കണ്ടെത്തിയത്. ഈ വർഷം മാർച്ച് മുതൽ മഹാരാഷ്ട്രയിലെ ജുന്നാറിൽ റിപ്പോർട്ട് ചെയ്ത പുള്ളിപ്പുലി ആക്രമണത്തെത്തുടർന്ന് മരിച്ച ഏഴ് പേരുടെ പട്ടികയിൽ രൂപേഷി​ന്‍റെ പേരും ചേർത്തു. മൂന്നാംവയസ്സിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിനിരയായി 23 വർഷമായി ഒരു കണ്ണും തലയിൽ 300 തുന്നലുമായി ഒരു യുവാവ് ഇവിടെ ജീവിക്കുന്നു. ഒരു കർഷക സ്ത്രീ പുലിയെ ചട്ടുകം ഉപയോഗിച്ച് കൈകാര്യം ചെയ്തു. ഇതെല്ലാം ജുന്നാർ താലൂക്കിൽ നിന്നുള്ള കഥകളാണ്.

മനോഹരമായ വിനോദസഞ്ചാര കേന്ദ്രവും ഛത്രപതി ശിവജിയുടെ ജന്മസ്ഥലവുമായ ഇവിടെ അടുത്തിടെ സർക്കാർ നടത്തിയ സർവേപ്രകാരം ജുന്നാർ, അംബേഗാവ്, ഖേഡ് അലണ്ടി, ഷിരൂർ എന്നീ നാല് താലൂക്കുകളിലായി 500 പുള്ളിപ്പുലികളുണ്ടെന്നാണ്. ഈ 500 പുള്ളിപ്പുലികളാണ് ഇപ്പോൾ ജുന്നാർ നിയമസഭയിലെ തിരഞ്ഞെടുപ്പ് നിർണയിക്കുന്നത്. നിങ്ങൾ ജുന്നാറിൽ ആരോടെങ്കിലും സംസാരിക്കൂ, അവർക്ക് പറയാനുള്ളത് പുലിയുമായി ഏറ്റുമുട്ടിയ കഥയാണെന്ന് നാട്ടുകാരനായ വിഘ്നേഷ് പറഞ്ഞു. കുട്ടികൾ മുതൽ മുതിർന്നയാൾ വരെ എല്ലാവരും ഇവിടെ പുലിയെ നേരിട്ടിട്ടുണ്ടെന്ന് ഒരിക്കൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട വിഘ്നേഷ് പറയുന്നു.

ഞാനും സുഹൃത്തും ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. പുലി പിന്തുടരാൻ തുടങ്ങിയപ്പോൾ അത് ബൈക്കി​ന്‍റെ റിയർ വ്യൂ മിററിൽ കണ്ടു. ഞങ്ങൾ ഒരു സുഹൃത്തി​ന്‍റെ വീട്ടിലേക്ക് പാഞ്ഞു. പടക്കം പൊട്ടിച്ചു ഭയപ്പെടുത്തി അതിനെ ഓടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പുലിയെ പേടിപ്പിക്കാൻ പടക്കങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് ഇവിടെ പതിവാണ്. മിക്ക വളർത്തു നായകൾക്കും മുള്ളുകൾ കൊണ്ടുള്ള കോളറുകൾ ഇട്ടിട്ടുണ്ട്. കർഷകർ ‘പുലി സംരക്ഷണ ഗിയറുകളിലാ’ണ് ഫാമുകളിലേക്ക് പോയിവരുന്നത്. സൂര്യാസ്തമയത്തിനുശേഷം വീടിനുള്ളിൽ തന്നെ തുടരാൻ ആളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ വർഷം ജനുവരി മുതൽ പുള്ളിപ്പുലി ആക്രമണത്തിൽ 2,616 വളർത്തുമൃഗങ്ങൾ ചത്തതായാണ് റിപ്പോർട്ട്.

ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ജുന്നാർ, അംബേഗാവ് മേഖലയിൽ അഞ്ച് അണക്കെട്ടുകൾ ഉയർന്നു. വൻതോതിൽ വനഭൂമി കൈയേറിയാണ് ഇത് നിർമിച്ചത്. മിക്ക വന്യമൃഗങ്ങളുടെയും ജനവാസ ​മേഖലയിലേക്കുള്ള കുടിയേറ്റത്തിന് ഇത് കാരണമായി. പുതിയ അണക്കെട്ടുകളോടെ ജുന്നാറിൽ ജലസേചനം കുതിച്ചുയർന്നു. അതോ​ടൊപ്പം കരിമ്പ് കൃഷിയും. കരിമ്പ് ചെടികൾ പൂർണ്ണമായി വളരുന്നതോടെ ഇടതൂർന്നതും ഉയരമുള്ളതുമായിരിക്കും. കരിമ്പ് ഫാമുകൾ ഒടുവിൽ പെൺ പുള്ളിപ്പുലികൾക്കും അവയുടെ കുഞ്ഞുങ്ങൾക്കും തികഞ്ഞ ഒളിത്താവളമൊരുക്കി.

വിളകൾ നനക്കാനും മറ്റാവശ്യങ്ങൾക്കുമായി ഈ കൃഷിയിടങ്ങളിൽ വെള്ളം പിടിച്ചുവെക്കും. പുള്ളിപ്പുലികൾ ആ വെള്ളം യഥേഷ്ടം കുടിക്കുന്നു. കർഷകർക്കും ഇടയർക്കും അവരുടെ കന്നുകാലികളുണ്ട്. അത് എളുപ്പം കിട്ടാവുന്ന ഇരയുമാണ്. അതിനാൽ അവർ ഇവിടെ സ്ഥിര താമസമാക്കി -ഫോറസ്റ്റ് ഓഫിസർ മനീഷ കാലെ പറഞ്ഞു. അനുകൂലമായ അന്തരീക്ഷവും കുഞ്ഞുങ്ങൾക്ക് മറ്റ് വന്യമൃഗങ്ങളിൽ നിന്നുള്ള ഭീഷണിയുമില്ല എന്നത് പുലിക്കുട്ടികളുടെ അതിജീവന നിരക്ക് ഇരട്ടിയാക്കിയെന്നും കാലെ വിശദീകരിച്ചു. അങ്ങനെയാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ജുന്നാറിലെ പുള്ളിപ്പുലികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതും മനുഷ്യരുമായുള്ള അവരുടെ സംഘട്ടനങ്ങൾ അടിക്കടി ഉയർന്നതും.

കുറച്ച് വർഷങ്ങളായി വനം വകുപ്പ് കെണികൾ സ്ഥാപിക്കുന്നുണ്ട്. പ്രാദേശിക സന്നദ്ധപ്രവർത്തകരും ഗ്രാമീണരും നിരവധി രക്ഷാപ്രവർത്തനങ്ങളിൽ അവരെ സഹായിക്കുന്നു. സ്‌കൂളുകളിലും പഞ്ചായത്തുകളിലും ബോധവൽക്കരണ ക്യാമ്പുകൾ നടത്തി ആളുകളെ സ്വയം സംരക്ഷിക്കാൻ പരിശീലിപ്പിക്കുന്നുമുണ്ട്. പിടികൂടിയ പുള്ളിപ്പുലികളെ ദൂരെയുള്ള പ്രദേശങ്ങളിൽ തുറന്നുവിടുകയാണ് ചെയ്യുന്നത്. കൂടുതൽ പ്രശ്‌നമുള്ളവയെ ജുന്നാറിലെ മണിക്‌ദോ റെസ്‌ക്യൂ സെന്‍ററിൽ അടക്കുന്നു.

എന്നാൽ, പുലിയുമായുള്ള സംഘർഷം കുത്തനെ ഉയർന്നത് ജനങ്ങളും വനം വകുപ്പുമായുള്ള സംഘർഷം വഷളാക്കിയിട്ടുണ്ട്. ആക്രമണങ്ങൾ തടയുന്നതിനുപകരം അവയോട് പ്രതികരിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് എല്ലാവരും ആരോപിക്കുന്നു. ‘വനമേധാവി ഉത്തരവാദിത്തം ഏറ്റെടുക്കണം. ഒരു അപകടത്തിന് ശേഷം അവർ തിരക്കുകൂട്ടി കെണികൾ സ്ഥാപിക്കുന്നു. ഉയർന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്നു. അന്നദാതാവിനെ നഷ്ടപ്പെട്ടാൽ ആരും എന്തുചെയ്യും? കുടുംബത്തിലെ ഏകമകനെ നഷ്ടപ്പെട്ടാൽ എന്തും ചെയ്യും? അപകടങ്ങൾ അവസാനിപ്പിക്കണം - മുൻ എം.എൽ.എ ശരദ് സോനവാനെ പറഞ്ഞു. മനുഷ്യനഷ്ടം സംഭവിക്കുമ്പോൾ ആളുകൾ ന്യായവാദം കേൾക്കുന്ന അവസ്ഥയിലായിരിക്കില്ല. ഒന്നുകിൽ പുലിയെ കൊല്ലുക, അല്ലെങ്കിൽ ഞങ്ങളെ കൊല്ലുക - കാലെ പറഞ്ഞു.

Tags:    
News Summary - Maharashtra Assembly elections: Human-leopard conflict to be a raging issue in Pune district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.