മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ മുസ്‍ലിംകളെ പള്ളിയിൽ കയറി തല്ലിക്കൊല്ലുമെന്ന ഭീഷണിയുമായി ബി.ജെ.പി എം.എൽ.എ. ഞായറാഴ്ച ശ്രീരാംപൂർ, തോപ്ഖാന പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന രണ്ട് പൊതുപരിപാടികളിലാണ് ബി.ജെ.പി എം.എൽ.എ നിതേഷ് റാണെ പരസ്യമായി കലാപാഹ്വാനം നടത്തിയത്. വിദ്വേഷപ്രസംഗത്തിന് ഇയാക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
അഹമ്മദ്‌നഗറിൽ നടന്ന സകാൽ ഹിന്ദു സമാജ് പരിപാടിയിൽ പങ്കെടുത്താണ് നിതേഷ് കൊലവിളി പ്രസംഗം നടത്തിയത്. മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പ്രസംഗം നടത്തിയ രാംഗിരി മഹാരാജിനെ അനുകൂലിച്ചായിരുന്നു പരിപാടി. രാംഗിരിക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ പള്ളിയിൽ കയറി ഒരോരുത്തരെയായി തല്ലിക്കൊല്ലും എന്നായിരുന്നു ഭീഷണി. “നമ്മുടെ രാംഗിരി മഹാരാജിന് നേരെ തിരിഞ്ഞാൽ.... (മറാത്തിയിൽ അധിക്ഷേപകരമായ രീതിയിൽ ഭീഷണിപ്പെടുത്തുന്നു), ഞാൻ മറാത്തിയിലാണ് സംസാരിച്ചത്. അതിനാൽ നിങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ നിങ്ങളോട് പറയുന്നു: ഞങ്ങളുടെ രാംഗിരി മഹാരാജിനെതിരെ നിങ്ങൾ എന്തെങ്കിലും ചെയ്താൽ ഞങ്ങൾ നിങ്ങളുടെ പള്ളിക്കുള്ളിൽ വന്ന് നിങ്ങളെ ഓരോരുത്തരായി തല്ലിക്കൊല്ലും. ഇത് മനസ്സിലോർത്തോളൂ..”
മുമ്പും നിരവധി തവണ വിദ്വേഷ പ്രസംഗം നടത്തിയ ആളാണ് നിതേഷ് റാണെ. റാണെക്കെതിരെ നടപടിയെടുക്കണമെന്ന് എ.ഐ.എം.ഐ.എം എം.എൽ.എ വാരിസ് പത്താൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയോടും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോടും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാനത്ത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രസംഗത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ചൊവ്വാഴ്ച ശ്രീരാംപൂർ, തോപ്ഖാന പൊലീസ് സ്റ്റേഷനുകളിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
പ്രവാചകനെയും ഇസ്‌ലാമിനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയ രാംഗിരി മഹാരാജിനെതിരെ മഹാരാഷ്ട്രയിൽ പലയിടത്തും കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം നേതാക്കൾ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാംഗിരി മഹാരാജിനെ പിന്തുണച്ച് സകാൽ ഹിന്ദു സമാജ് വിദ്വേഷ പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.