മുംബൈ: അഴിമതി, അധികാരം ദുർവിനിയോഗം ചെയ്യൽ എന്നീ കേസുകളിൽ ജയിലിൽ കഴിഞ്ഞ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്മുഖിന് ജാമ്യം നൽകിയ ബോംബെ ഹൈകോടതി 10 ദിവസത്തേക്ക് ജാമ്യം മരവിപ്പിക്കുകയും ചെയ്തു. ജാമ്യം നൽകിയ വിഷയത്തിൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള സി.ബി.ഐയുടെ തീരുമാനത്തെ തുടർന്നാണ് ജാമ്യം മരവിപ്പിച്ചത്. ജാമ്യം അനുവദിച്ച് അൽപ്പസമയത്തിനുള്ളിൽ തന്നെയാണ് ജാമ്യം മരവിപ്പിക്കുകയും ചെയ്തത്.
ആഭ്യന്തരമന്ത്രിയായ കാലത്ത് അധികാരം ദുർവിനിയോഗം ചെയ്ത അനിൽ ദേശ്മുഖ് വിവിധ ബാറുകളിൽ നിന്നായി 4.70 കോടി രൂപ അനധികൃതമായി കൈപ്പറ്റിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. എൻ.സി.പി നേതാവിനെതിരായ മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരം ബീര്‍ സിങ്ങും അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. മുംബൈയിലെ റസ്റ്ററന്റുകളിൽ നിന്നും ബാറുകളിൽ നിന്നും മാസം 100 കോടി പിരിപ്പിക്കാൻ പൊലീസുകാരെ നിർബന്ധിപ്പിച്ചിരുന്നെന്നായിരുന്നു ആരോപണം. ഈ കേസിൽ ദേശ്മുഖിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇ.ഡി അന്വേഷണം നടത്തിയത്. 4.70 കോടി രൂപ ഇങ്ങനെ ദേശ്മുഖ് പൊലീസ് വഴി സമ്പാദിച്ചുവെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.
മുംബൈ പൊലീസ് ഓഫിസർ സച്ചിൻ വാസ് വഴിയായിരുന്നു അനിൽ കോടികൾ കൈക്കലാക്കിയത് എന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ. തുടർന്ന് സച്ചിനെ സർവീസിൽ നിന്ന് ഡിസ്മിസ് ചെയ്തിരുന്നു. നവംബർ 18ന് മുംബൈ പ്രത്യേക കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ മുകേഷ് അംബാനിയുടെ വീടിനു സമീപം ബോംബ് കണ്ടെത്തിയ കേസുൾപ്പെടെ തലയിലുള്ളതിനാൽ സച്ചിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനായിട്ടില്ല.
2021 നവംബർ രണ്ടിനാണ് 71 കാരനായ എൻ.സി.പി നേതാവ് അറസ്റ്റിലാവുന്നത്. ഒക്ടോബറിൽ ആൻജിഗ്രാഫിക്ക് വേണ്ടി അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിചിരുന്നു
ജയിലിലായ സമയത്ത് താൻ അനിൽ ദേശ്മുഖിനെ കണ്ടിരുന്നതായും അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നും ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് അടുത്തിടെ പറഞ്ഞിരുന്നു.
ഏപ്രില്‍ 5 ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഏപ്രില്‍ 21ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ആരോപണങ്ങള്‍ ദേശ്മുഖ് നിഷേധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.