മുംബൈ: ബാലാകോട്ട് സൈനികാക്രമണ വിവരം ചോർത്തിയതിന് ഒഫീഷ്യൽ സീക്രട്ട് ആക്റ്റിലെ അഞ്ചാം വകുപ്പു പ്രകാരം റിപബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമിക്കെതിരെ കേസെടുക്കാൻ മഹാരാഷ്ട്ര സർക്കാർ നിയമോപദേശം തേടുന്നു. അർണബിനെതിരെ നടപടി ആവശ്യപ്പെട്ട് മഹാരാഷ്ട്ര കോൺഗ്രസ് വക്താക്കളായ സച്ചിൻ സാവന്തും ഡോ. രാജു വാഗ്മോരെയും സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന് നിവേദനം നൽകി. വിഷയം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തുകയും ചെയ്തു. തുടർന്നാണ് നിയമോപദേശം തേടുമെന്ന് മന്ത്രി അറിയിച്ചത്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിയത് ഗുരുതരമാണെന്നും കേന്ദ്രം നടപടിയെടുക്കണമെന്നും ദേശ്മുഖ് ആവശ്യപ്പെട്ടു. ബുധനാഴ്ച മന്ത്രിസഭ യോഗത്തിലും അർണബ് വിഷയം ചർച്ചയാകും.
ബ്രോഡ്കാസ്റ്റ് ഒാഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) മുൻ മേധാവി പാർഥദാസ് ഗുപ്തയുമായുള്ള വാട്സ്ആപ് ചാറ്റിലാണ് ബാലാകോട്ട് സൈനികാക്രമണത്തെ കുറിച്ച് ആക്രമണത്തിന് മൂന്നു ദിവസം മുമ്പെ അർണബ് പറയുന്നത്. 40 സി.ആർ.പി.എഫ് ജവാന്മാർ മരിച്ച പുൽവാമാ ആക്രമണത്തിൽ അർണബ് ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.
ടി.ആർ.പി റേറ്റിങ് തട്ടിപ്പ് കേസിലെ കുറ്റപത്രത്തിനൊപ്പം കോടതിയിൽ തെളിവായി ഇരുവരും തമ്മിലെ വാട്സ്ആപ് ചാറ്റുകൾ സമർപ്പിച്ചിരുന്നു. വാട്സ്ആപ് ചാറ്റുകൾ സമൂഹ മാധ്യമങ്ങളിൽ ചോർന്നതോടെ വിവാദമായി. പാർഥദാസ് ഗുപ്ത കേസിൽ അറസ്റ്റിലാണ്. അർണബിനെ ടി.ആർ.പി കേസിൽ ചോദ്യം ചെയ്യുന്നതും അറസ്റ്റ് രേഖപ്പെടുത്തുന്നതും ബോംബെ ഹൈകോടതി തൽകാലികമായി തടഞ്ഞിട്ടുണ്ട്. റിപബ്ലിക് ടി.വി റേറ്റിങ് പൊലിപ്പിക്കാൻ ദൂരദർശെൻറ സാറ്റ്ലൈറ്റ് ഫ്രീക്വൻസി ഉപയോഗിച്ചതും അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.