മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന-എൻ.സി.പി-കോൺഗ്രസ് മുന്നണി മന്ത്രിസഭ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വികസിപ്പിച്ചു. തിങ്കളാഴ്ച വിധാൻ ഭവനിൽ നടന്ന ചടങ്ങിൽ, ഉപമുഖ്യമന്ത്രിയായി എൻ.സി.പി നേതാവ് അജിത് പവാറും 25 കാബിനറ്റ് മന്ത്രിമാരും 10 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഉദ്ധവിെൻറ മകനും യുവസേന അധ്യക്ഷനുമായ ആദിത്യ താക്കറെ, മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ചവാൻ എന്നിവരും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ചുമതലയേറ്റ 36 മന്ത്രിമാരിൽ അജിത് പവാർ അടക്കം എൻ.സി.പിക്ക് 10 കാബിനറ്റ് പദവിയും നാല് സഹമന്ത്രി പദവിയുമുണ്ട്. ശിവസേനക്ക് എട്ടു കാബിനറ്റ് പദവിയും നാല് സഹമന്ത്രി പദവിയും ലഭിച്ചപ്പോൾ കോൺഗ്രസിന് കിട്ടിയത് 10 കാബിനറ്റ് പദവിയും രണ്ടു സഹമന്ത്രി സ്ഥാനവും.
ഇതോടെ സംസ്ഥാന മന്ത്രിസഭയുടെ അംഗസംഖ്യ, മുഖ്യമന്ത്രിയടക്കം പരമാവധി എണ്ണമായ 43 ആയി. 288 അംഗ സഭയുടെ 15 ശതമാനമാണിത്.
ഗവർണർ ഭഗത്സിങ് കോശിയാരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ചടങ്ങിൽ സഖ്യകക്ഷി നേതാക്കളായ ശങ്കരറാവു ഘടക്ക് (ക്രാന്തികാരി ഷെഡ്കാരി പക്ഷ), സ്വതന്ത്രനായ രാജേന്ദ്ര പാട്ടീൽ യദ്രവാക്കർ, ബച്ചു കാഡു (പ്രഹർ ജനശക്തി പാർട്ടി) എന്നിവരും അധികാരമേറ്റു.
എൻ.സി.പിയിൽനിന്ന് മുതിർന്ന നേതാക്കളായ നവാബ് മാലിക്, അനിൽ ദേശ്മുഖ്, ദിലീപ് വാസ്ലെ പാട്ടീൽ, ധനഞ്ജയ് മുണ്ഡെ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു.
പാതിരാ നാടകത്തിലൂടെ നവംബർ 23ന് ദേവേന്ദ്ര ഫഡ്നാവിസിെൻറ നേതൃത്വത്തിൽ അധികാരമേറ്റ ബി.ജെ.പി സർക്കാറിനെ അതിനേക്കാൾ ചടുലമായ നീക്കത്തിലൂടെ തറപറ്റിച്ച് 28നാണ് ഉദ്ധവ് താക്കെറയുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര വികാസ് അഗാഢി സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്.
എൻ.സി.പി വിട്ട് ബി.ജെ.പിക്കൊപ്പം ചേർന്ന അജിത് പവാർ ഫഡ്നാവിസ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ് മൂന്നു ദിവസത്തിനകം രാജിവെച്ച് പാർട്ടിയിലേക്ക് തിരിച്ചുവന്നതോടെയാണ് ബി.ജെ.പി നീക്കം പൊളിഞ്ഞത്.
ഇതേ അജിത് വീണ്ടും ഉപമുഖ്യമന്ത്രി പദം ഏറുന്നതിനും തിങ്കളാഴ്ച വിധാൻ ഭവൻ സാക്ഷ്യം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.