ന്യൂഡൽഹി: മകൾക്ക് അവളുടെ മാതാപിതാക്കളിൽനിന്ന് വിദ്യാഭ്യാസ ചെലവുകൾ നേടാൻ അനിഷേധ്യവും നിയമാനുസൃതവുമായ അവകാശമുണ്ടെന്ന് സുപ്രീംകോടതി. പഠനത്തിനാവശ്യമായ പണം സ്വന്തം കയ്യിൽനിന്ന് നൽകാൻ മാതാപിതാക്കൾ നിർബന്ധിതരാണെന്നും സുപ്രീംകോടതി പറഞ്ഞു.
വേർപിരിഞ്ഞ ദമ്പതികളുടെ അയർലൻഡിൽ പഠിക്കുന്ന മകൾ പഠനത്തിനായി പിതാവ് നൽകിയ 43 ലക്ഷം രൂപ സ്വീകരിക്കാൻ വിസമ്മതിച്ച തർക്കത്തിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം.
‘അവൾക്ക് മകൾ എന്ന നിലയിൽ മാതാപിതാക്കളിൽ നിന്ന് വിദ്യാഭ്യാസച്ചെലവുകൾ നേടാനുള്ള അനിഷേധ്യവും നിയമപരമായി നടപ്പിലാക്കാവുന്നതുമായ അവകാശമുണ്ട്. അവളുടെ വിദ്യാഭ്യാസം തുടരാനുള്ള മൗലികാവകാശമുണ്ട്. അവരുടെ സാമ്പത്തിക സ്രോതസ്സുകളുടെ പരിധിക്കുള്ളിൽനിന്ന് ആവശ്യമായ ഫണ്ട് മാതാപിതാക്കൾക്ക് നൽകാം’ ജനുവരി 2ലെ ഉത്തരവിൽ ബെഞ്ച് പറഞ്ഞു.
സ്വന്തം അന്തസ്സ് നിലനിർത്താൻ മകൾ തുക കൈപ്പറ്റാൻ വിസമ്മതിക്കുകയും അത് തിരികെ വാങ്ങാൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും പിതാവ് വിസമ്മതിക്കുകയായിരുന്നു. മകൾക്ക് ആ തുകക്ക് നിയമപരമായി അർഹതയുണ്ടെന്നും കോടതി പറഞ്ഞു.
നിർബന്ധിക്കപ്പെടാതെ തന്നെ പിതാവ് പണം നൽകുകയായിരുന്നു. മകളുടെ അക്കാദമിക് കാര്യങ്ങൾക്കായി സാമ്പത്തിക സഹായം നൽകാൻ തനിക്ക് സാമ്പത്തികമായി ശേഷിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.