മുംബൈ: പശുക്കടത്ത് സംശയിച്ച് മഹാരാഷ്ട്രയിൽ 28 വയസുള്ള ചെരിപ്പ് വ്യാപാരിയെ പശുസംരക്ഷക ഗുണ്ടകൾ മർദിച്ചു. വ്യാഴാഴ്ച അർധ രാത്രിക്കു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മുഹമ്മദ് ഹജക്കിനെ പശുസംരക്ഷക ഗുണ്ടകൾ ആക്രമിച്ചത്. പ്രതിശ്രുതവധുവിനോട് സംസാരിച്ച് കൊണ്ട് നടന്നുപോകവെ ആണ് അമിതവേഗതയിൽ വന്ന വാഹനം വഴിയിലുള്ള പശുവിനെ ഇടിച്ചിട്ട് നിർത്താതെ പോയത്.
വാഹനത്തിന്റെ ചിത്രമെടുക്കാൻ ഹജക്ക് ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിനു ശേഷം പരിക്കേറ്റ പശുവിന്റെ ചിത്രമെടുത്ത് പ്രതിശ്രുത വധുവിന് അയച്ചുകൊടുത്തു. പശുവിന്റെ ചിത്രമെടുക്കുന്നത് കണ്ട് പിന്നാലെ വന്ന ആളുകളാണ് ഹജക്കിനെ മർദിച്ചത്. അയാൾ കന്നുകാലി കച്ചവടക്കാരനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം.
ഹജക്കിന്റെ കുടുംബാംഗങ്ങൾ സ്ഥലത്തെത്തിയാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ് ഹജക് ചികിത്സയിലാണ്. സംഭവത്തിൽ എട്ടുപേർക്കെതിരെ കേസെടുത്തു. അതിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മന്ദർ ദേശ്പാണ്ഡെ (30), ഓംകാർ ലാൻഡെ (23), അനിൽ ഗോഡ്‌കെ (26), രോഹിത് ലോൽഗെ (20). അറസ്റ്റിലായ പ്രതികളെല്ലാം ബീഡ് സ്വദേശികളാണ്. നാല് പ്രതികളെയും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.