മുംബൈ: തന്‍റെ മണ്ഡലത്തിലെ റോഡുകളെ നടിയും ബി.ജെ.പി നേതാവുമായ ഹേമമാലിനിയുടെ കവിളിനോട് ഉപമിച്ച പ്രസ്താവനയിൽ മഹാരാഷ്ട്ര മന്ത്രി മാപ്പ് പറഞ്ഞു. ശിവസേന നേതാവും ജലവിതരണ വകുപ്പ് മന്ത്രിയുമായ ഗുലാബ് റാവു പട്ടീലിന്‍റെ പ്രസ്താവനയാണ് വിവാദമായത്. പ്രസ്താവനക്കെതിരെ സഖ്യകക്ഷിയായ എൻ.സി.പിയും പ്രതിപക്ഷമായ ബി.ജെ.പിയും രംഗത്ത് വന്നിരുന്നു.
ജൽഗാവ് ജില്ലയിലെ ബോധ്വാഡ് നഗർ പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. '30 വർഷമായി എം.എൽ.എയായി തുടരുന്നവർ വികസനം എന്താണെന്ന് കാണാൻ എന്‍റെ മണ്ഡലമായ ധരൻഗാവിലേക്ക് വരണം. ധരൻഗാവിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ അല്ലായെങ്കിൽ ഞാൻ രാജിവെക്കാൻ തയാറാണ്' -എന്നായിരുന്നു വിവാദ പരാമർശം.
പ്രസ്താവന വിവാദമായതോടെ സംസ്ഥാന വനിതാ കമീഷന്‍ മന്ത്രിയോടു വിശദീകരണം തേടുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മന്ത്രിക്കെതിരെ ബി.ജെ.പി പൊലീസിൽ പരാതി നൽകുകയും ചെയ്തു. എൻ.സി.പിയും പ്രതിഷേധം അറിയിച്ചതോടെ പ്രസ്താവനയിൽ മാപ്പുപറയാൻ മന്ത്രി തയാറാകുകയായിരുന്നു.
'മണ്ഡലത്തിലെ നല്ല റോഡുകളെ കുറിച്ച് പറയുക മാത്രമായിരുന്നു എന്‍റെ ലക്ഷ്യം. പക്ഷേ, പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടു. അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മാപ്പ് ചോദിക്കുകയാണ്' -മന്ത്രി പറഞ്ഞു.
നേരത്തെ രാജസ്ഥാനിലും സമാന സംഭവം ഉണ്ടായിരുന്നു. തന്‍റെ മണ്ഡലത്തിലെ റോഡുകൾ നടി കത്രീന കൈഫിന്‍റെ കവിളുകൾ പോലെയാണെന്ന രാജസ്ഥാൻ മന്ത്രി രാജേന്ദ്ര സിങ് ഗൂഡയുടെ പ്രസ്താവനയാണ് വിവാദമായത്. 2005ൽ ആർ.ജെ.ഡി തലവൻ ലാലു പ്രസാദ് യാദവ് ബിഹാറിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ മിനുസമുള്ളതാക്കുമെന്ന് അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.