മുംബൈ: മഹാരാഷ്ട്രയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ നടത്തിയ തിരിമറിയിൽ പ്രതിഷേധിച്ച് മഹാ വികാസ് അഘാഡി (എം.വി.എ) സഖ്യത്തിലെ എം.എൽ.എമാർ നിയമസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ പറഞ്ഞു. ഇ.വി.എമ്മുകൾ ഉപയോഗിച്ച് ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിനാൽ തങ്ങൾ ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്ന് താക്കറെ പറഞ്ഞു.മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിവസം പ്രതിപക്ഷ എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പ്രതിപക്ഷ എം.എൽ.എമാർക്ക് സത്യപ്രതിജ്ഞയെ എതിർക്കാനാകില്ലെന്ന് എൻ.സി.പി നേതാവ് ഛഗൻ ഭുജ്ബൽ പ്രതികരിച്ചു. സഭയുടെ കാര്യങ്ങളിൽ പങ്കെടുക്കണമെങ്കിൽ അവർ സത്യപ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിമാരായ ഏകനാഥ് ഷിൻഡെയും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തതോടെയാണ് മൂന്ന് ദിവസത്തെ സമ്മേളനം ആരംഭിച്ചത്. രാവിലെ 11 മണിക്ക് സഭ ചേർന്നതിന് തൊട്ടുപിന്നാലെ പ്രോടേം സ്പീക്കർ കാളിദാസ് കൊളംബ്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.
സമ്മേളനത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങൾക്ക് കൊളംബ്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രത്യേക നിയമസഭാ നടപടികളുടെ അവസാന ദിവസമായ തിങ്കളാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. നവംബർ 20ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 288 അംഗ നിയമസഭയിൽ 230 സീറ്റുകളോടെ ശിവസേനയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (എൻ.സി.പി) ബി.ജെ.പിയും ചേർന്ന മഹായുതി സഖ്യം വീണ്ടും അധികാരത്തിലെത്തി.
ഒരാഴ്ചയിലേറെ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം തവണയും മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. ഏകനാഥ് ഷിൻഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും എൻ.ഡി.എ സഖ്യകക്ഷി നേതാക്കളും പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങിൽനിന്ന് പ്രതിപക്ഷ എം.വി.എ അംഗങ്ങൾ വിട്ടുനിന്നു.
ശിവസേന (യു.ബി.ടി), കോൺഗ്രസ്, ശരദ് പവാറിന്റെ എൻ.സി.പി വിഭാഗങ്ങൾ ഉൾപ്പെടുന്ന എം.വി.എ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ഇ.വി.എമ്മുകളിൽ വ്യാപക പിഴവ് സംഭവിച്ചതായി ആരോപിച്ചു. ഇ.വി.എമ്മുകളിൽ കൃത്രിമം കാണിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി ജനവിധി അട്ടിമറിച്ചതാണെന്ന് എം.വി.എ നേതാക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.