ഷിഗ്നാപൂര്‍ ഗ്രാമപഞ്ചായത്ത് പാസാക്കിയ പ്രമേയം


മുസ്‍ലിംകളെ വോട്ടർപട്ടികയിൽ നിന്ന് നീക്കാനുള്ള മഹാരാഷ്ട്ര പഞ്ചായത്ത് പ്രമേയത്തിനെതിരെ പ്രതിഷേധം

മുംബൈ: പുതിയ താമസക്കാരായ മുസ്‌ലിംകളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട എന്ന മഹാരാഷ്ട്രയിലെ പഞ്ചായത്തി​ന്‍റെ ഭരണഘടനാ വിരുദ്ധ പ്രമേയത്തിനെതിരെ പ്രതിഷേധം കനക്കുന്നു. പ്രമേയം വിവേചനപരവും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടി വിവിധ മുസ്‌ലിം സംഘടനകള്‍ കോടതിയെ സമീപിച്ചു.

പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയിലെ ഷിഗ്നാപൂര്‍ ഗ്രാമപഞ്ചായത്താണ് ഇത് സംബന്ധിച്ച പ്രമേയം പാസ്സാക്കിയത്. നവംബറിൽ നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണിത്. ഓഗസ്റ്റ് 28ന് പാസാക്കിയ പ്രമേയം സെപ്റ്റംബർ 5ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അതിൽ സർപഞ്ച് രസിക പാട്ടീൽ ഒപ്പുവെക്കുകയും ചെയ്തതായാണ് റി​പ്പോർട്ട്. ‘അടുത്തിടെ ഗ്രാമത്തിൽ എത്തിയ’ മുസ്‍ലിംകളുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തരുതെന്ന് പ്രമേയം വ്യക്തമാക്കുന്നു. വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ ഇത്തരം പേരുകൾ കണ്ടെത്തിയാൽ നീക്കം ചെയ്യുമെന്നും പഞ്ചായത്ത് പറഞ്ഞു.

എന്നാൽ, പ്രാദേശിക മുസ്‍ലിം സംഘടനകൾക്കിടയിൽ പ്രമേയം പ്രകോപനം സൃഷ്ടിച്ചു. സർപഞ്ചിനും പഞ്ചായത്ത് അംഗങ്ങൾക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം എജുക്കേഷൻ സൊസൈറ്റി (എം.ഇ.എസ്) ജില്ല മജിസ്‌ട്രേറ്റിന് ഔപചാരികമായി പരാതി നൽകി. സംഭവം വിവാദമായതോടെ ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതിന് പഞ്ചായത്തി​ന്‍റെ അധികാരത്തെക്കുറിച്ച് തങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലായിരുന്നുവെന്ന് കൈകഴുകാനാണ് പഞ്ചായത്ത് അധികൃതരുടെ ശ്രമം. കൂടാതെ, ഉത്തരവ് ഇറക്കിയത് പ്രദേശത്തെ മുസ്‌ലിംകളെ ഉദ്ദേശിച്ചല്ലെന്നും മറിച്ച് ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ ലക്ഷ്യമാക്കിയാണെന്നുമാണ് വാദം.

സർപഞ്ച് രസിക പാട്ടീൽ വിശദീകരവുമായി രംഗത്തിറങ്ങി. പ്രമേയം തെറ്റിദ്ധരിക്കപ്പെട്ടതായി പാട്ടീൽ വിഡിയോ പ്രസ്താവന നടത്തി. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് രണ്ട് ‘ബംഗ്ലാദേശി’ മുസ്‍ലിം സ്ത്രീകൾ ആധാർ കാർഡുമായി ഗ്രാമത്തിൽ എത്തിയെന്നും അവർ ഇന്ത്യൻ പൗരന്മാരായി ജീവിക്കുന്നുവെന്നുമായിരുന്നു ന്യായീകരണം. ഗ്രാമസഭയിൽ ഈ വിഷയം ഉന്നയിക്കപ്പെട്ടതോടെ, പ്രത്യേക സാഹചര്യത്തെ അഭിസംബോധന ചെയ്യാൻ പ്രമേയം ലക്ഷ്യമിടുന്നുവെന്നും സമൂഹത്തി​ന്‍റെ സമാധാനത്തിന് ഭീഷണിയാകുന്ന തരത്തിലാണ് ഇപ്പോൾ ഇത് ചിത്രീകരിക്കപ്പെടുന്നതെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

ഗ്രാമപഞ്ചായത്തിനുള്ള സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ശിപാര്‍ശകള്‍ നല്‍കാനും അധികാരമുള്ള അതോറിറ്റിയാണ് ഗ്രാമസഭ. എന്നാല്‍ തെരഞ്ഞെടുപ്പ് പട്ടികയില്‍നിന്ന് പേരുകള്‍ ചേര്‍ക്കാനും വെട്ടാനും സഭക്കോ പഞ്ചായത്തിനോ അധികാരമില്ല. അത് പൂർണമായും തെരഞ്ഞെടുപ്പ് കമീഷ​ന്‍റെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്ന കാര്യങ്ങളാണ്.

കോലാപൂര്‍ സിറ്റിയില്‍ നിന്ന് ഏകദേശം ഒമ്പത് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഷിഗ്നാപൂര്‍. ഏകദേശം 22,000 ജനങ്ങള്‍ ഇവിടെ താമസക്കാരായുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും മറാത്ത വിഭാഗക്കാരാണ്. 1,200 ഓളമാണ് പ്രദേശത്തെ മുസ്‌ലിം ജനസംഖ്യ.

Tags:    
News Summary - Maharashtra panchayat resolution barring registration of Muslim voters sparks outrage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.