മുംബൈ: മഹാരാഷ്ട്രയില്‍ തങ്ങളില്ലാതെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന് തടയിട്ട് ശിവസേന. മുഖ്യമന്ത്രി പദം രണ്ടര വര്‍ഷം വീതം പങ്കുവെക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ശിവസേനയെ തല്‍കാലം മാറ്റിനിറുത്തി വ്യാഴാഴ്ചക്ക് മുമ്പ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കാനായിരുന്നു ബി.ജെ.പിയുടെ നീക്കം. ഇതിനായി വാംഖഡെ സ്റ്റേഡിയം ബുക്ക് ചെയ്യുകയും ചെയ്തു. എങ്കിൽ ബി.ജെ.പിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥിയെ സഭയിൽ തോല്‍പിക്കുമെന്ന് ശിവസേന മുന്നറിയിപ്പ് നല്‍കി.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനക്ക് സഹായം ഉറപ്പുനല്‍കിയതോടെ ബി.ജെ.പി കുരുക്കിലായി. മാത്രമല്ല; ഭൂരിപക്ഷം തെളിയിക്കുക എന്ന കടമ്പ ഫഡ്നാവിസ് കടക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും സേന ഭീഷണി മുഴക്കി. സേനയില്ലാതെ അധികാരമേല്‍ക്കുകയും ഭൂരിപക്ഷം തെളിയിക്കാനാകുമ്പോള്‍ അവരെ അനുനയിപ്പിച്ച് കൂടെകൂട്ടുകയുമായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ ഫഡ്നാവിസും ഏകാധിപത്യ സ്വഭാവം പ്രകടിപ്പിച്ചത് സേന തലവന്‍ ഉദ്ധവ് താക്കറെക്ക് രസിച്ചിട്ടില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ‘50:50 സമവാക്യ’ വാഗ്ദാനം സേനക്ക് നല്‍കിയിട്ടില്ലെന്ന ഫഡ്നാവിസിന്‍റെ പ്രസ്താവനയും ഉദ്ധവിനെ ചൊടിപ്പിച്ചു. ഫഡ്നാവിസ് അടക്കമുള്ള സംസ്ഥാന നേതാക്കളുമായി ഇനി ഒളിഞ്ഞും തെളിഞ്ഞും ചര്‍ച്ച വേണ്ടെന്നാണ് തീരുമാനം. അമിത് ഷായുമായി മാത്രമെ ഇനി ചര്‍ച്ചയുള്ളുവെന്നും സേന വൃത്തങ്ങള്‍ പറഞ്ഞു.
ഉപമുഖ്യമന്ത്രി പദത്തിന് പുറമെ ധനാകാര്യ, റവന്യൂ വകുപ്പുകള്‍ നല്‍കാന്‍ ബി.ജെ.പി തയ്യാറായിട്ടും സേന വഴങ്ങിയില്ലെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നത്. നേരത്തെ റവന്യൂ നല്‍കാന്‍ ബി.ജെ.പി തയ്യാറായിരുന്നില്ല. ധനവും കൃഷിയും ആഭ്യന്തര സഹമന്ത്രി പദങ്ങളുള്‍പടെ 16 ഓളം വകുപ്പുകള്‍ നല്‍കാനായിരുന്നു ബി.ജെ.പി തീരുമാനിച്ചത്. ഇനി സേന മുഖ്യമന്ത്രി എന്ന കഴിഞ്ഞ ദിവസത്തെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സേന.
കോണ്‍ഗ്രസും എന്‍.സി.പിയും സേനയെ പിന്തുണക്കുമൊ എന്നാണ് ഉറ്റുനോക്കുന്നത്. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ തിങ്കളാഴ്ച സോണിയ ഗാന്ധിയെ കാണും. സേനയുടെ അടുത്ത നീക്കത്തിനായി കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം സോണിയയെ കണ്ട മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.