മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: മുംബൈയിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി

മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുംബൈയിലെ 36 സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി (എ.എ.പി). ഇൻഡ്യ സഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയാണെന്നും ദേശീയ തലത്തിൽ ഒരുമിച്ച് തുടരുമെന്നും എ.എ.പിയുടെ മുംബൈ പ്രസിഡന്‍റ് പ്രീതി ശർമ മേനോൻ അറിയിച്ചു.

"സർക്കാറിന് ജനക്ഷേമത്തിന് സമയമില്ല. സംസ്ഥാന ഖജനാവ് സംഘടിതമായി കൊള്ളയടിക്കുന്ന തിരക്കിലാണ് അവർ. എ.എ.പി ഒരു ദേശീയ പാർട്ടിയാണ്. അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തിന് കീഴിൽ പാർട്ടി ഉയർന്നുവന്ന് ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലെത്തി. ഗോവയിലും ഗുജറാത്തിലും എം.എൽ.എമാരും പാർലമെന്‍റിൽ എം.പിമാരുമുണ്ട്" -പ്രീതി ശർമ പറഞ്ഞു.

ബി.ജെ.പി മഹാരാഷ്ട്ര വിരുദ്ധരും മുംബൈ വിരുദ്ധരുമാണെന്ന് പ്രീതി ശർമ ആരോപിച്ചു. കേവലം 10 വർഷത്തിനുള്ളിൽ എ.എ.പി വികസനത്തിന്‍റെ "ഡൽഹി മോഡൽ" പ്രകടമാക്കിയെന്നും ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യം, വെള്ളം, വൈദ്യുതി എന്നിവ എല്ലാവർക്കും സൗജന്യമായി നൽകുന്നുവെന്നും പ്രീതി ശർമ പറഞ്ഞു.

സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളും കൂടുതലായി അക്രമത്തിനും വിവേചനത്തിനും വിധേയരാകുകയാണെന്നും അവർ ആരോപിച്ചു. മുംബൈയിലെ അടിസ്ഥാന സൗകര്യങ്ങൾ തകരുകയാണ്. പാർപ്പിടം പരിഹരിക്കപ്പെടാത്ത പ്രശ്നമായി തുടരുന്നു. ചേരികൾ വാസയോഗ്യമല്ലാതാകുകയാണ്. ബിൽഡറും കോൺട്രാക്ടർ മാഫിയയും നഗരം കൈയടക്കിയെന്നും പ്രീതി ശർമ ആരോപിച്ചു. 

Tags:    
News Summary - Maharashtra polls: AAP ditches INDIA bloc, decides to go solo in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.