​​രത്തൻ ടാറ്റക്ക് ഭാരതരത്ന നൽകണമെന്ന് മഹാരാഷ്ട്ര സർക്കാർ

മുംബൈ: അന്തരിച്ച വ്യവസായ പ്രമുഖനും മനുഷ്യസ്നേഹിയുമായ രത്തൻ ടാറ്റക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്ന നൽകണമെന്ന് മഹാരാഷ്ട്ര സർക്കാർ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. സർക്കാറിന്റെ ആവശ്യത്തെ ആർ.പി.ജി ഗ്രൂപ്പ് ചെയർപേഴ്സൺ ഹർഷ് ഗോയങ്ക പിന്തുണച്ചു. ഭാരത രത്നക്ക് ഏറ്റവും അർഹനാണ് രത്തൻടാറ്റ. എല്ലാവർക്കും പിന്തുടരാവുന്ന രീതിയിൽ അദ്ദേഹം പാദമുദ്രകൾ പതിപ്പിച്ചു.- ഗോയങ്ക പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഭാരതരത്ന.1954 ജനുവരി രണ്ട് മുതലാണ് ഭാരതരത്ന കൊടുക്കാൻ തുടങ്ങിയത്. കല, സാഹിത്യം, ശാസ്ത്രം, പൊതു സേവനം, കായികം തുടങ്ങിയ മേഖലകളിൽ വ്യക്തിമദ്ര പതിപ്പിച്ച വ്യക്തികൾക്കാണ് ഭാരതരത്ന നൽകുക.

86ാം വയസിലാണ് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രത്തൻ ടാറ്റ വിടവാങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ രത്തൻ ടാറ്റക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലി, ഇന്ത്യയിലെ യു.എസ് അംബാസഡർ എറിക് ഗാർസറ്റി എന്നിവരും ആദരാഞ്‍ലികളർപ്പിച്ചു.

രത്തൻ ടാറ്റയോടുള്ള ആദരസൂചകമായി മുബൈയിൽ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനബഹുമതികളോടെ മൃതദേഹം സംസ്കരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രഖ്യാപിച്ചു. രത്തൻ ടാറ്റയോടുള്ള ആദരസൂചകമായി സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. മുംബൈയിൽ ഇന്ന് നടത്താനിരുന്ന എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

Tags:    
News Summary - Maharashtra urges Centre to confer Bharat Ratna to late industrialist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.