അഗ്നിപഥിനെതിരായി സമരം ചെയ്തവർക്ക് നിയമനം നൽകി​ല്ലെന്ന് മേജർ ജനറൽ; വടക്കൻ കേരളത്തിലെ റിക്രൂട്ട്‌മെന്റ് തിങ്കളാഴ്ച വരെ

കോഴിക്കോട്: കേന്ദ്ര സർക്കാർ ​പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും റിക്രൂട്ട്മെന്റ് റാലിയെ ബാധിച്ചിട്ടില്ലെന്നും യുവാക്കൾ കൂടുതൽ ആവേശത്തോടെയാണ് റിക്രൂട്ട്മെന്റിനെത്തുന്നതെന്നും ബംഗളൂരു മേഖല റിക്രൂട്ടിങ് എ.ഡി.ജി മേജർ ജനറൽ പി. രമേശ്. കോഴിക്കോട് ഗവ. ഫിസിക്കൽ എജുക്കേഷൻ കോളജ് മൈതാനിയിൽ നടക്കുന്ന റിക്രൂട്ട്മെന്റ് റാലിയുടെ ഏഴാം ദിവസം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി പ്രകാരം നാലുവർഷത്തേക്കാണ് അഗ്നിവീർ സൈനികരെ റിക്രൂട്ട് ചെയ്യുക. നാലു വർഷത്തിനുശേഷം ഇവരിൽ 25 ശതമാനത്തിന് സ്ഥിരം സൈനിക നിയമനം നൽകും. കോവിഡ്‌ പ്രതിസന്ധിയെ തുടർന്ന് രണ്ടുവർഷം റിക്രൂട്ട്‌മെന്റ് റാലികൾ നടക്കാതിരുന്നതിനാൽ ഇത്തവണ പ്രായപരിധിയിൽ രണ്ടുവർഷത്തെ ഇളവ് നൽകിയിട്ടുണ്ട്. അഗ്നിപഥിനെതിരെ സമരം ചെയ്തവർക്ക് നിയമനം ലഭിക്കി​ല്ലെന്നും പൊലീസ് വെരിഫിക്കേഷൻ കർശനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുത്തവർക്കായി ജനുവരിയിൽ എഴുത്തു പരീക്ഷ നടത്തും. പൊലീസ് വെരിഫിക്കേഷനുശേഷം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 2023 മാർച്ചോടെ പരിശീലനം ആരംഭിക്കും.

അഗ്നിവീർ റിക്രൂട്ട്‌മെന്റ് തികച്ചും സുതാര്യമാണ്. ഏജന്റുമാർക്ക് ഒരു റോളുമില്ല. ഏജന്റുമാരുടെ ചതിക്കുഴിയിൽ ഉദ്യോഗാർഥികൾ വീഴരുതെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ നിന്നുള്ള യുവാക്കൾക്കാണ് ഫിസിക്കൽ എജുക്കേഷൻ ഗ്രൗണ്ടിൽ റിക്രൂട്ട്‌മെന്റ് റാലി നടക്കുന്നത്. കാസർകോട് മുതൽ പാലക്കാട് വരെ ജില്ലകളിൽ നിന്നായി 28741 പേരാണ് രജിസ്‌റ്റർ ചെയ്തത്. ഇതിനകം 13,116 പേർ റാലിയിൽ പങ്കെടുത്തു. 705 പേർ മെഡിക്കൽ ഫിറ്റ്നസ് നേടി. 624 പേരെ മെഡിക്കൽ ടെസ്റ്റിനായി കൊച്ചി നേവൽ ആസ്ഥാനത്തെ സഞ്ജീവനിയിൽ അയച്ചതായും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ 10 വരെയാണ് വടക്കൻ കേരളത്തിലെ റിക്രൂട്ട്‌മെന്റ്. തെക്കൻ കേരളത്തിലെ ഏഴ് ജില്ലകൾക്കുള്ള റിക്രൂട്ട്‌മെന്റ് നവംബർ രണ്ടാംവാരം കൊല്ലത്ത് നടക്കും. കേരളം, കർണാടക, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള വനിതകൾക്ക് നവംബർ ആദ്യവാരം ബംഗളൂരുവിലാണ് റിക്രൂട്ട്‌മെന്റ് റാലി. 11000ത്തോളം യുവതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, ആർമി റിക്രൂട്ടിങ് ഡയറക്ടർ കേണൽ പി.എച്ച്. മഹാഷബ്ദെ, പി.ആർ.ഒ അതുൽ പിള്ള എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Major General said that those who protested against Agnipath will not be appointed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.