‘മേക്ക് ഇൻ ഇന്ത്യ’ ‘ഫേക്ക് ഇൻ ഇന്ത്യ’യായി; കണക്കുകൾ നിരത്തി പരിഹസിച്ച് ജയറാം രമേശ്

ന്യൂഡൽഹി: ‘മേക്ക് ഇൻ ഇന്ത്യ’ ആരംഭിക്കുന്ന സമയത്ത് മോദി സർക്കാർ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ ‘ജുംലകൾ’ ( വ്യാജ ഉറപ്പുകൾ) ആയിപ്പോയെന്നും ‘മേക്ക് ഇൻ ഇന്ത്യ’ എന്നത് ‘ഫേക്ക് ഇൻ ഇന്ത്യ’ ആയി മാറിയെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. ‘എക്സി’ൽ കണക്കുകൾ നിരത്തിയാണ് അദ്ദേഹം ​ഇക്കാര്യം പറഞ്ഞത്.

2014ൽ ബയോളജിക്കൽ അല്ലാത്ത പ്രധാനമന്ത്രി ‘മേക്ക് ഇൻ ഇന്ത്യ’ ത​​​ന്‍റെ പതിവ് ആവേശത്തോടെയും ബഹളത്തോടെയും പ്രഖ്യാപിച്ചപ്പോൾ നാല് ലക്ഷ്യങ്ങൾ മുന്നോട്ടുവെച്ചിരുന്നു. പത്തു വർഷത്തിനു ശേഷം അതി​ന്‍റെ ഒരു ദ്രുത സ്റ്റാറ്റസ് പരിശോധന നടത്തുകയാണ്.

ജുംല 1: ഇന്ത്യൻ വ്യവസായത്തി​ന്‍റെ വളർച്ചാ നിരക്ക് പ്രതിവർഷം 12-14ശതമാനത്തിലേക്ക് ഉയർത്തും. യാഥാർഥ്യം: 2014 മുതൽ വാർഷിക ഉൽപാദന വളർച്ചാ നിരക്ക് 5.2 ശതമാന​ത്തോളമായി കുറഞ്ഞു.

ജുംല രണ്ട്: 2022ഓടെ 100 ദശലക്ഷം വ്യാവസായിക തൊഴിലവസരങ്ങൾ സൃഷ്ടിക്കും. യാഥാർഥ്യം: നിർമാണത്തൊഴിലാളികളുടെ എണ്ണം 2017ലെ 51.3 ദശലക്ഷത്തിൽനിന്ന് 2022-23ൽ 35.65 ദശലക്ഷമായി കുറഞ്ഞു.

ജുംല മൂന്ന്: 2022ഓടെ ഉൽപാദന മേഖലയുടെ വിഹിതം ജി.ഡി.പിയുടെ 25ശതമാനം ആയി വർധിപ്പിക്കും. യാഥാർഥ്യം: ഇന്ത്യയുടെ മൊത്ത വർധിത മൂല്യത്തി​ന്‍റെ ഉൽപാദന വിഹിതം 2011-12 ൽ 18.1ശതമാനം ആയിരുന്നത് 2022-23 ൽ 14.3ശതമാനം ആയി കുറഞ്ഞു.

ജുംല നാല്: മൂല്യ ശൃംഖല ഉയർത്തി ചൈനയിൽനിന്നും ‘ലോകത്തി​ന്‍റെ പുതിയ ഫാക്ടറി’ ആക്കി ഇന്ത്യയെ മാറ്റും. യാഥാർഥ്യം: ചൈനയിൽനിന്ന് ആ സ്ഥാനം ഏറ്റെടുക്കുന്നതിനു പകരം ചൈനയെ സാമ്പത്തികമായി കൂടുതൽ ആശ്രയിക്കുന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതിയുടെ പങ്ക് ഉയർന്നു. 2014ൽ 11ശതമാനം ആയിരുന്നത് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ 15ശതമാനം ആയി -കോൺഗ്രസ് നേതാവ് പോസ്റ്റിൽ വ്യക്തമാക്കി.

സുസ്ഥിരവും പ്രവചിക്കാവുന്നതും വിവേകപൂർണവുമായതിൽനിന്ന് വളരെ അകലെയാണ് കഴിഞ്ഞ ഒരു ദശകമായി രാജ്യത്തി​ന്‍റെ സാമ്പത്തിക നയരൂപീകരണം. ഭയത്തി​ന്‍റെയും അനിശ്ചിതത്വത്തി​ന്‍റെയും അന്തരീക്ഷം സ്വകാര്യ നിക്ഷേപത്തി​ന്‍റെ വളർച്ചയെ തടസ്സപ്പെടുത്തിയെന്നും രമേശ് പറഞ്ഞു. ‘മോദിയുമായി അടുപ്പമുള്ള ഒന്നോ രണ്ടോ വൻകിട ബിസിനസ് കമ്പനികൾ മാത്രം അഭിവൃദ്ധി പ്രാപിച്ചതിനാൽ മത്സരം തടസ്സപ്പെട്ടു. ‘മേക്ക് ഇൻ ഇന്ത്യ’ ഇന്ത്യയിൽ വ്യാജമായി മാറിയിരിക്കുന്നു- രമേശ് കുറ്റപ്പെടുത്തി.

ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള ത​ന്‍റെ സർക്കാറി​ന്‍റെ മുൻനിര ‘സംരംഭം’ ഒരു സ്വപ്നത്തെ ഉറച്ച യാഥാർഥ്യമാക്കി മാറ്റിയെന്നും അതി​ന്‍റെ സ്വാധീനം ‘ഭാരതത്തെ ഇനി തടയാനാവില്ല’ എന്ന് കാണിക്കുന്നുവെന്നും കഴിഞ്ഞ മാസം നടന്ന ‘മേക്ക് ഇൻ ഇന്ത്യ’ ഡ്രൈവി​ന്‍റെ പത്താം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നു. ഉൽപാദനത്തി​ന്‍റെയും നവീകരണത്തി​ന്‍റെയും ശക്തികേന്ദ്രമാക്കി രാജ്യത്തെ മാറ്റാനുള്ള 140കോടി ഇന്ത്യക്കാരുടെ കൂട്ടായ ദൃഢനിശ്ചയത്തെയാണ് ഈ പരിപാടി വ്യക്തമാക്കുന്നതെന്നും മോദി പറഞ്ഞിരുന്നു. അതി​ന്‍റെ പശ്ചാത്തലത്തിൽകൂടിയാണ് കോൺഗ്രസ് നേതാവി​ന്‍റെ കണക്കുകൾ നിരത്തിയുള്ള പരിഹാസം.

Tags:    
News Summary - 'Make in India' has simply become 'Fake in India': Jairam Ramesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.