ചെന്നൈ: തമിഴ്നാട് സംസ്ഥാന മാർക്കറ്റിങ് കോർപറേഷന്‍റെ (ടാസ്മാക്) കീഴിലുള്ള ഇന്ത്യൻ നിർമിത വിദേശമദ്യ റീട്ടെയിൽ ഔട്ട്ലറ്റുകളിൽ 21 വയസ്സിനു താഴെയുള്ളവർക്ക് മദ്യം വിൽക്കരുതെന്ന് മദ്രാസ് ഹൈകോടതി. ലൈസൻസുള്ള ഉപഭോക്താക്കൾക്ക് മാത്രം മദ്യം വിറ്റാൽ മതിയെന്നും കോടതി അഭിപ്രായപ്പെട്ടു. ഔട്ട്‌ലറ്റുകൾ, ബാറുകൾ, പബുകൾ, മദ്യം വിതരണം ചെയ്യുന്ന റസ്റ്റാറന്‍റുകൾ എന്നിവയുടെ പ്രവർത്തനസമയം കുറക്കുക, മദ്യക്കുപ്പികളിൽ നിയമപരമായ ആരോഗ്യ മുന്നറിയിപ്പുകൾ അച്ചടിക്കുക, മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമർപ്പിച്ച രണ്ട് ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി.
വിദ്യാർഥികൾ ഉൾപ്പെടെ പ്രായപൂർത്തിയാകാത്തവരുടെ മദ്യപാനം അധികരിച്ച സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ ആർ. മഹാദേവൻ, ജെ. സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് തമിഴ്നാട് സർക്കാറിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. മദ്യവിൽപന കേന്ദ്രങ്ങളുടെ പ്രവർത്തനസമയം നിലവിലെ 10 മണിക്കൂറിൽനിന്ന് ആറുമണിക്കൂറായി കുറക്കുന്നത് പരിഗണിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.