മാറി നിൽക്കു, ശിവകുമാർ മുഖ്യമന്ത്രിയാകട്ടെ; വേദിയിലിരിക്കുന്ന സിദ്ധരാമയ്യയോട് വൊക്കലിഗ മഠാധിപതി

ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുയർന്ന രഹസ്യ ചർച്ചകൾ മറനീക്കി പുറത്തേക്ക്. ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യഷനുമായ വൊക്കലിഗ നേതാവ് ഡി.കെ. ശിവകുമാറിനായി സിദ്ധരാമയ്യ മുഖ്യമന്ത്രി പദവിയൊഴിയണമെന്ന് വിശ്വ വൊക്കലിഗ മഹാ സമസ്താന മഠാധിപതി ചന്ദ്രശേഖരനാഥ സ്വാമി പരസ്യമായി ആവശ്യപ്പെട്ടു.

സിദ്ധരാമയ്യയും ശിവകുമാറും വേദിയിലിരിക്കെ, ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന നാടപ്രഭു കെംപെഗൗഡ ജയന്തി ചടങ്ങിലാണ് വൊക്കലിഗ സ്വാമി ആവശ്യമുന്നയിച്ചത്. പ്രശസ്ത വൊക്കലിഗ മഠങ്ങളായ അദി ചുഞ്ചനഗിരി മഠത്തിലെ നിർമലാനന്ദ സ്വാമി, സപ്തികാപുരി മഠത്തിലെ നഞ്ചവധൂത സ്വാമി തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ചന്നഗിരിയിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എ വി. ശിവഗംഗ കഴിഞ്ഞദിവസം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സ്വാമിയും പരസ്യ ആവശ്യം ഉന്നയിച്ചതെന്നതാണ് ശ്രദ്ധേയം.

‘എല്ലാവരും മുഖ്യമന്ത്രിയായി അധികാരം ആസ്വദിച്ചു. എന്നാൽ, ഞങ്ങളുടെ ഡി.കെ. ശിവകുമാർ മാത്രം മുഖ്യമന്ത്രിയായില്ല. അതിനാൽ, മുഖ്യമന്ത്രി പദവി അനുഭവിച്ച സിദ്ധരാമയ്യ, ദയവുചെയ്ത് ശിവകുമാറിനായി പദവിയൊഴിയണം. ശിവകുമാറിന് അനുഗ്രാശിസ്സുകളും നൽകണം. സിദ്ധരാമയ്യ വിചാരിച്ചാലേ ഇതു നടക്കൂ. അല്ലാത്ത പക്ഷം നടക്കില്ല. അതിനാൽ സിദ്ധരാമയ്യയോട് കൈകൂപ്പി ഞാൻ പറയുന്നു, ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം’ - വൊക്കലിഗ സ്വാമി പറഞ്ഞു.

ചടങ്ങിന് ശേഷം ഇതുസംബന്ധിച്ച് സിദ്ധരാമയ്യയോട് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ, കോൺഗ്രസ് ഒരു ഹൈകമാൻഡ് പാർട്ടിയാണെന്നും ഇതു ജനാധിപത്യ സംവിധാനമാണെന്നും ഹൈകമാൻഡ് പറയുന്നത് തങ്ങൾ അനുസരിക്കുമെന്നും പ്രതികരിച്ചു. ‘കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞു’ എന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം. ‘സംസ്ഥാനത്ത് നടപ്പാക്കാനുള്ള പദ്ധതികളെ കുറിച്ച് സംസാരിക്കാൻ എം.പിമാർക്കൊപ്പം താനും സിദ്ധരാമയ്യയും ഡൽഹിയിലേക്ക് പോവുകയാണെന്നും ശിവകുമാർ പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻജയം നേടിയപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും വടംവലി നടന്നിരുന്നു. ഒടുവിൽ ഹൈകമാൻഡിന്റെ ഒത്തുതീർപ്പു ഫോർമുലയിലാണ് സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പദവും ശിവകുമാറിന് ഉപമുഖ്യമന്ത്രി പദവും നൽകിയത്.

Tags:    
News Summary - Make way for DK Shivakumar as Karnataka CM: Top Vokkaliga seer to Siddaramaiah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.