'രഹസ്യാന്വേഷണ റിപ്പോർട്ടുകൾ കൊളീജിയം പരസ്യപ്പെടുത്തിയത് ഗൗരവകരം'; വിമർശിച്ച് കിരൺ റിജിജു

ന്യൂഡൽഹി: കൊളീജിയം ശിപാർശ ചെയ്ത ചിലരെ ജഡ്ജിമാരാക്കാത്തതിന് കേന്ദ്രസർക്കാർ രഹസ്യമായി സമർപ്പിച്ച കാരണങ്ങൾ പുറത്തുവിട്ട സുപ്രീംകോടതി നടപടി ഗുരുതരവും പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിന്റെ മുന്നറിയിപ്പ്. ഇതേക്കുറിച്ച് ഉചിത സമയത്ത് താൻ പ്രതികരിക്കുമെന്നും നിയമമന്ത്രി വ്യക്തമാക്കി. ജഡ്ജി നിയമനത്തിൽ കേന്ദ്രസർക്കാറിന്റെ താൽപര്യങ്ങൾ ഓരോന്നായി സുപ്രീംകോടതിയും കൊളീജിയവും തുറന്നുകാണിച്ചു തുടങ്ങിയതോടെയാണ് കേന്ദ്ര നിയമമന്ത്രി പ്രകോപിതനായത്.

ഉയർന്ന കോടതികളിൽ ജഡ്ജിമാരാക്കാൻ തങ്ങൾക്ക് താൽപര്യമുള്ളവരുടെ പേരുകൾ കേന്ദ്രസർക്കാർ കൊളീജിയത്തിന് മുന്നിൽ വെച്ചെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് വെളിപ്പെടുത്തിയത് കേന്ദ്രസർക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. അതിനുപിന്നാലെ തങ്ങൾ ശിപാർശ ചെയ്തവരെ ജഡ്ജിമാരാക്കാതിരിക്കാൻ കേന്ദ്രസർക്കാർ നിരത്തിയ ന്യായങ്ങൾകൂടി സുപ്രീംകോടതി കൊളീജിയം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിൽ ചേർന്ന് പുറത്തുവിട്ടിരുന്നു.

മദ്രാസ് ഹൈകോടതി ജഡ്ജിയാക്കാൻ കൊളീജിയം നിർദേശിച്ച അഡ്വ. സത്യം ജോൺ പ്രധാനമന്ത്രിയെ വിമർശിച്ച പോസ്റ്റുകൾ പങ്കുവെച്ചതും ബോംബെ ഹൈകോടതി ജഡ്ജിയാക്കാൻ നിർദേശിച്ച അഡ്വ. സോമശേഖർ സുന്ദരേശൻ നിരവധി വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ നിലപാട് വ്യക്തമാക്കിയതും ഡൽഹി ഹൈകോടതി ജഡ്ജിയാക്കാനുള്ള അഡ്വ. സൗരഭ് കൃപാൽ വിദേശിയായ പുരുഷ പങ്കാളിയുമൊത്ത് ജീവിക്കുന്നതും കേന്ദ്രം തടസ്സവാദമായി ഉന്നയിച്ചെന്നാണ് കൊളീജിയം വെളിപ്പെടുത്തിയത്. ഇനിയും മടക്കരുതെന്നുപറഞ്ഞ് ഇവരുടെ ശിപാർശകൾ കേന്ദ്രത്തിലേക്ക് വീണ്ടും അയക്കുകയും ചെയ്തു.

ഇതേക്കുറിച്ചാണ് നിയമ മന്ത്രിയുടെ പരസ്യ വിമർശനം. ജഡ്ജി നിയമനവും അതിന്റെ പ്രക്രിയയും ഭരണപരമായ കാര്യങ്ങളാണെന്ന് കിരൺ റിജിജു പറഞ്ഞു. കോടതിയുടെ ഉത്തരവിനും വിധികൾക്കും അതിലൊന്നും ചെയ്യാനില്ല. കേന്ദ്രസർക്കാർ സുപ്രീംകോടതിയുടെ അന്തസ്സ് താഴ്ത്തിക്കെട്ടുകയാണെന്ന ചില രാഷ്ട്രീയക്കാരുടെയും അഭിഭാഷകരുടെയും പ്രസ്താവനകളും ട്വീറ്റുകളും കണ്ടു. കോടതിയുത്തരവ് ലംഘിക്കുമെന്ന് ഇന്ത്യയിൽ ഒരാളും പറയുന്നില്ല. അത് പറയാനും കഴിയില്ല.

എന്നാൽ, അന്വേഷണ ഏജൻസികളായ ‘റോ’യുടെയും ഇന്റലിജൻസ് ബ്യൂറോയുടെയും രഹസ്യ സ്വഭാവുമുള്ള റിപ്പോർട്ടുകൾ പ്രസിദ്ധപ്പെടുത്തിയത് അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണ്. അതേക്കുറിച്ച് ഉചിതമായ സമയത്ത് പ്രതികരിക്കും. വേഷപ്രച്ഛന്നരായും രഹസ്യമായും രാജ്യത്തിനുവേണ്ടി രഹസ്യസ്ഥലങ്ങളിൽ പോലും പ്രവർത്തിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥർ തങ്ങളുടെ റിപ്പോർട്ടുകൾ ജനങ്ങളുടെ മുന്നിലെത്തുമോ എന്ന് ഇനി രണ്ടുതവണ ചിന്തിക്കും.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ താൻ പലതവണ കണ്ടിട്ടുണ്ട്. തങ്ങൾ നിരന്തര സമ്പർക്കത്തിലാണ്. സർക്കാറിനും കോടതിക്കുമിടയിലെ പാലമാണ് താൻ. ഒറ്റപ്പെട്ട രീതിയിൽ പ്രവർത്തിക്കാനാവില്ലെന്നും കേന്ദ്ര നിയമമന്ത്രി പറഞ്ഞു.

Tags:    
News Summary - Making IB, RAW reports public a matter of grave concern: Union Law Minister Kiren Rijiju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.