ജമ്മു: നിയന്ത്രണരേഖയിൽ പാക് ഭാഗത്തുനിന്നുള്ള ‘സ്നൈപർ’ ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു. ജമ്മു-കശ്മ ീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തിക്കപ്പുറത്തുനിന്ന്, ദീർഘദൂരത്തേക്ക് വെടിയുതിർക്കാവുന്ന സ്നൈപർ തോക്കുപയോഗിച്ചുള്ള ആക്രമണത്തിലാണ് ലാൻസ് നായ്ക് എറണാകുളം മണക്കുന്നം സ്വദേശി ആൻറണി സെബാസ്റ്റ്യൻ (34) കൊല്ലപ്പെട്ടതെന്ന് പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂർ സ്റ്റെല്ല മേരീസ് പബ്ലിക് സ്കൂളിന് തെക്കുഭാഗം കറുകയിൽ വീട്ടിൽ പരേതനായ മൈക്കിളിെൻറയും ഷീലയുടെയും മകനാണ്. തമിഴ്നാട് സ്വദേശിയായ ഹവിൽദാർ മാരിമുത്തുവിന് ഗുരുതരമായി പരിക്കേറ്റതായും സൈനികവൃത്തങ്ങൾ അറിയിച്ചു.
നിയന്ത്രണരേഖയിലെ കൃഷ്ണഘട്ടി സെക്ടറിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചിനാണ് പാക് സൈന്യം വെടിനിർത്തൽ ലംഘിച്ച് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ആൻറണി സെബാസ്റ്റ്യനെ പൂഞ്ചിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാരിമുത്തു ചികിൽസയിലാണ്. ആക്രമണത്തെ തുടർന്ന് ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകിയതായും സേന അറിയിച്ചു. പാക് ഭാഗത്തെ നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ അറിവായിട്ടില്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രകോപനമില്ലാതെ പാക് സൈന്യം നടത്തുന്ന ആക്രമണങ്ങളിൽ രണ്ടു സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഞായറാഴ്ച നൗഷേര സെക്ടറിലുണ്ടായ ആക്രമണത്തിൽ നായ്ക് ഗോസവി കേശവ് സോംഗിർ (29), ശനിയാഴ്ച റൈഫിൾമാൻ വരുൺ കട്ടാൽ (21) എന്നിവർ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച അഖ്നൂർ സെക്ടറിൽ സേനാ പോർട്ടർക്കും ജീവൻ നഷ്ടമായിരുന്നു.
അന്ന ഡയാന ജോസഫ് ആണ് ആൻറണി സെബാസ്റ്റ്യെൻറ ഭാര്യ. ഏകമകൻ: എയ്ഡൻ. സഹോദരി: നിവ്യ. ഒരുമാസം മുമ്പ് അവധിക്ക് നാട്ടിൽ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.