ന്യൂഡൽഹി: ഹാഥറസിൽ 19കാരിയായ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിനും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നേരെ നടന്ന അതിക്രമത്തിനുമെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ഫേസ്ബുക്കിൽ പേജിൽ മലയാളികളുടെ 'പൊങ്കാല'യും പ്രതിഷേധവും. ഇരു സംഭവങ്ങളിലും യു.പി സർക്കാറും പൊലീസും സ്വീകരിക്കുന്ന നിലപാടാണ് പ്രതിഷേധത്തിന് കാരണം.
ഹാഥറസിലെ പെൺകുട്ടിയുടെ വീട്ടുകാരെ കാണാൻ പോയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യു.പി പൊലീസ് തടയുകയും ഇരുവരെയും മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിെൻറ ചിത്രങ്ങൾ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് വൈകിട്ട് യോഗി ആദിത്യനാഥിെൻറ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിന് കീഴിൽ പ്രതിഷേധവുമായി മലയാളികൾ എത്തി. മലയാളത്തിലുള്ള കമൻറുകൾ നിറഞ്ഞു. രാഹുൽ ഗാന്ധിക്ക് പിന്തുണ അർപ്പിച്ചുള്ളതായിരുന്നു ഭൂരിഭാഗം കമൻറുകളും. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ടും നിരവധിപേർ രംഗത്തെത്തി. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നേരെ അക്രമം നടന്നിട്ടും യോഗി ആദിത്യനാഥ് മൗനം വെടിഞ്ഞിരുന്നില്ല. ഇതിനെതിരെ നിരവധി നേതാക്കൾ പരസ്യമായി രംഗത്തെത്തിയിരുന്നു.
സെപ്റ്റംബർ 29ന് രാവിലെയാണ് ഡൽഹിയിലെ ആശുപത്രിയിൽവെച്ച് പെൺകുട്ടി മരണത്തിന് കീഴടങ്ങുന്നത്. പെൺകുട്ടിക്ക് ചികിത്സ നിഷേധിച്ചതായും പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് വിമുഖത കാണിച്ചതായും ആരോപണം ഉയർന്നിരുന്നു. തുടർന്ന് പൊലീസ് ബന്ധുക്കളെ അകറ്റി നിർത്തി പെൺകുട്ടിയുടെ മൃതദേഹം ബുധനാഴ്ച പുലർച്ചെ ദഹിപ്പിച്ചു. മതവിശ്വാസ പ്രകാരം സംസ്കാരം നടത്തണമെന്ന കുടുംബത്തിെൻറ ആവശ്യം തള്ളിയ െപാലീസ് ബലപ്രയോഗത്തിലൂടെ സംസ്കാരം നടത്തുകയായിരുന്നു. ഇത് രാജ്യം മുഴുവൻ പ്രതിഷേധം പടരാൻ ഇടയാക്കി.
വ്യാഴാഴ്ച ഹാഥറസിലെ പെൺകുട്ടിയുടെ വീട്ടിലേക്ക് തിരിച്ച രാഹുലിനെയും പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്രേറ്റർ നോയിഡയിൽവെച്ച് ഇവർ സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞതിനെ തുടർന്ന് കാൽനടയായി പോകുന്നതിനിടെയായിരുന്നു സംഭവം. ഹാഥറസിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിനായിരുന്നു നടപടി. പ്രവർത്തകർക്ക് നേരെ ലാത്തിവീശുകയും രാഹുലിനെ തള്ളിയിടുകയും ചെയ്തു. ഇത് സംഘർഷത്തിന് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.