ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിലുണ്ടായ ഭിന്നത രൂക്ഷമാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പകരം മമതാ ബാനർജിയെ കൊണ്ടുവരണമെന്ന ആവശ്യത്തിന് ശക്തിയേറി. എൻ.സി.പി നേതാവ് ശരത് പവാർ തുടക്കമിട്ട ചർച്ച ഏറ്റുപിടിച്ച് ഏറ്റവുമൊടുവിൽ ലാലു പ്രസാദ് യാദവ് കൂടി രംഗത്തെത്തി. ഇൻഡ്യ സഖ്യത്തിന്റെ അദാനിവിരുദ്ധ പ്രതിഷേധത്തിൽനിന്ന് തൃണമൂൽ കോൺഗ്രസ് പൂർണമായും വിട്ടുനിൽക്കുമ്പോഴാണ് മമതാ ബാനർജിയെ ഇൻഡ്യ സഖ്യത്തിന്റെ നേതൃത്വം ഏൽപിക്കണം എന്ന ആവശ്യമുയരുന്നതെന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷ സഖ്യത്തിന്റെ നേതൃസ്ഥാനം മമതക്ക് നൽകണമെന്ന് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ചൊവ്വാഴ്ച ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ കോൺഗ്രസ് എന്തു പറയുന്നെന്നത് വിഷയമല്ലെന്നും ലാലു തുടർന്നു. ഇൻഡ്യ സഖ്യത്തിൽ നേതൃമാറ്റ ചർച്ചയുണ്ടെന്നും അതിനു ചില കാരണങ്ങൾ ഉണ്ടെന്നും ശിവസേനാ ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മമതാ ബാനർജി ഇൻഡ്യ സഖ്യത്തെ നയിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ നിരന്തരം ആവശ്യപ്പെടുന്നതിനടിയിലാണ് സഖ്യത്തിലെ മറ്റ് പാർട്ടി നേതാക്കൾ അവർക്ക് പിന്തുണയുമായെത്തിയത്. എന്നാൽ, തൃണമൂലിനെ അസം, ത്രിപുര, ഗോവ, മേഘാലയ എന്നിവിടങ്ങളിലൊന്നും വിജയിപ്പിക്കാൻ കഴിയാത്ത മമതക്ക് ഇൻഡ്യയെ നയിക്കാനാവില്ല എന്നാണ് കോൺഗ്രസ് വാദം.
ലോക്സഭയിലെ പ്രതിപക്ഷ നേതാക്കൾക്ക് അനുവദിച്ച ഇരിപ്പിടങ്ങളിൽ ഭൂരിഭാഗവും കോൺഗ്രസ് കൈയടക്കിയതിനെതിരായ അമർഷത്തിനിടയിലാണ് കോൺഗ്രസിന്റെ അപ്രമാദിത്തം ഒഴിവാക്കാൻ മമതാ ബാനർജിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ചർച്ചക്ക് ഇൻഡ്യ സഖ്യത്തിൽ തുടക്കമായത്. പ്രതിപക്ഷ ബെഞ്ചിന്റെ മുൻ നിരയിൽ നാല് സീറ്റും കോൺഗ്രസിന് നൽകുകയും സമാജ്വാദി പാർട്ടി, ഡി.എം.കെ, തൃണമൂൽ കോൺഗ്രസ് എന്നീ കക്ഷികൾക്ക് അർഹിക്കുന്ന ഇരിപ്പിടം നൽകാതിരിക്കുകയും ചെയ്തത് പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുടെ സമ്മതത്തോടെയാണെന്ന് അറിഞ്ഞത് തൊട്ടാണ് അദ്ദേഹത്തിനെതിരായ പടയൊരുക്കം നടന്നത്. മറ്റു ഘടകകക്ഷി നേതാക്കളുടെ അഭിമാനം വകവെച്ചുകൊടുക്കാത്ത തീരുമാനത്തിനു പിന്നിൽ കെ.സി. വേണുഗോപാൽ ആണെന്ന വിമർശനമാണ് ഇൻഡ്യ ഘടകകക്ഷി നേതാക്കൾ ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.