കേരള സ്റ്റോറി നിരോധിച്ചതിനെതിരെ ബി.ജെ.പി: ‘മമത ആധുനിക ജിന്ന, എല്ലാ ദേശീയ പ്രവർത്തനങ്ങൾക്കും വിഘാതം സൃഷ്ടിക്കുന്നു’

കൊൽക്കത്ത: വിദ്വേഷ സിനിമയായ ‘ദ കേരള സ്റ്റോറി’ നിരോധിച്ച പശ്ചിമ ബംഗാൾ സർക്കാറിനെതി​രെ ബി.ജെ.പി. രാജ്യത്തെ എല്ലാ ദേശീയ പ്രവർത്തനങ്ങൾക്കും മമത ബാനർജി വിഘാതം സൃഷ്ടിക്കുകയാണെന്നും ആധുനിക ജിന്നയാണ് മമതയെന്നും ബി.ജെ.പി നേതാവ് തരുൺ ചുഗ് ആരോപിച്ചു. ‘ഇന്ത്യയുടെ വളർച്ച അവർക്ക് പ്രശ്നമാണ്. രാജ്യത്തെ എല്ലാ കാര്യങ്ങളോടും എതിർപ്പുള്ള അവർ ആധുനിക ജിന്നയാണ്’ - തരുൺ ചുഗ് പറഞ്ഞു.

തിങ്കളാഴ്ചയാണ് സിനിമ നിരോധിച്ചതായി പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചത്. സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തതുമുതൽ വിവാദം സൃഷ്ടിച്ചിരുന്നു. നിലവിൽ നിരവധി സംസ്ഥാനങ്ങളിൽ സിനിമ നിരോധനം നേരിടുകയാണ്. മമത ബാനർജിയാണ് ദ കേരള സ്റ്റോറി നിരോധിച്ച കാര്യം അറിയിച്ചത്. കശ്മീർ ഫയൽസിനെ പോലെ ബംഗാളിനെ കുറിച്ചുള്ള സിനിമക്ക് ബി.ജെ.പി പണം നൽകുകയാണെന്ന് കഴിഞ്ഞ ദിവസം മമത ആരോപിച്ചിരുന്നു. പിന്നാലെ സംസ്ഥാനത്ത് ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കരുതെന്ന് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.

സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ ഈ തീരുമാനം സഹായിക്കുമെന്നും വിദ്വേഷവും അക്രമവും പരത്തുന്ന സംഭവങ്ങൾ ഒഴിവാക്കണമെന്നും മമത ബാനർജി പറഞ്ഞു. തമിഴ്നാട്ടിലെ മൾട്ടിപ്ലക്സുകളിലും സിനിമക്ക് നിരോധനമേർപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. സുദീപ്‌തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ദ കേരള സ്റ്റോറിയിൽ ആദാ ശർമയാണ് നായിക.

വാസ്തവ വിരുദ്ധവും വിദ്വേഷം ജനിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായി ചിത്രത്തിനെതിരെ വ്യാപക ആരോപണം ഉയർന്നിരുന്നു. കേരളത്തിൽ മതം മാറ്റി 32,000 സ്ത്രീകളെ ഐ.എസിൽ അംഗങ്ങളാക്കി വിദേശത്തേക്ക് കയറ്റിയയച്ചുവെന്നാണ് സിനിമയിലൂടെ അണിയറക്കാർ സമർഥിക്കാൻ ശ്രമിച്ചത്. എന്നാൽ, വ്യാപക വിമർശനം ഉയർന്നതോടെ യുട്യൂബ് ട്രെയിലറിലെ വിവരണത്തിൽനിന്ന് ‘32,000 സ്ത്രീകളുടെ കഥ' എന്നത് മാറ്റി 'കേരളത്തിൽ നിന്നുള്ള മൂന്ന് യുവതികളുടെ കഥ' എന്നാക്കിയിരുന്നു. 32,000 പേരെ മതംമാറി സിറിയയിലേക്ക് പോയെന്ന വാദത്തിന് തെളിവ് തന്നാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന് മുസ്‍ലിം യൂത്ത് ലീഗ് വെല്ലുവിളിച്ചിരുന്നു.

അതേസമയം, ‘ദ കേരള സ്റ്റോറി’ക്ക് ഉത്തർ പ്രദേശ് നികുതി ഒഴിവാക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സിനിമക്ക് നികുതി ഒഴിവാക്കിയ കാര്യം പ്രഖ്യാപിച്ചത്. ലോക് ഭവനിൽ സംഘടിപ്പിക്കുന്ന പ്ര​ത്യേക പ്രദർശനത്തിൽ യോഗി ആദിത്യനാഥും മന്ത്രിമാരും സിനിമ കാണുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സിനിമക്ക് നേരത്തെ മധ്യപ്രദേശും നികുതി ഒഴിവാക്കിയിരുന്നു. യു.പി ബി.ജെ.പി സെക്രട്ടറി രാഘവേന്ദ്ര മിശ്ര ലഖ്നോവിലെ 100 പെൺകുട്ടികൾക്കായി സിനിമ സൗജന്യ പ്രദർശനം നടത്തിയിരുന്നു.

Tags:    
News Summary - Mamata Banerjee is modern-day Jinnah -BJP leader Tarun Chugh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.