കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്ക് ശക്തമായ താക്കീത് നൽകി മുഖ്യമന്ത്രി മമത ബാനർജി. നാദിയ ജില്ലയിൽ പാർട്ടിക്കുള്ളിൽ വിഭാഗീയത രൂക്ഷമാകുന്നതിന് പിന്നാലെയാണ് വിമർശനം. മഹുവയുടെ മണ്ഡലമായ കൃഷ്ണനഗറിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മമത.
'മഹുവ, ഞാൻ ഇവിടെ ഒരു വ്യക്തമായ സന്ദേശം നൽകേട്ട. ആര് ആർക്കെതിരെയാണെന്ന് നോക്കേണ്ടതില്ല, പക്ഷേ ഇവിടെ ഒരു തെരഞ്ഞെടുപ്പുണ്ടെങ്കിൽ ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും. അതുകൊണ്ട്, ഇവിടെ ഒരു അഭിപ്രായ വ്യത്യാസവും ഉണ്ടാകേണ്ടതില്ല' -പാർട്ടി ജില്ല നേതാക്കളോട് മമത പറഞ്ഞു.
എല്ലാക്കാലവും ഒരു വ്യക്തി ഒരേ സ്ഥാനത്ത് ഇരിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും മമത കൂട്ടിച്ചേർത്തു. പാർട്ടിയുടെ നാദിയ ജില്ല പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് അടുത്തിടെ മഹുവയെ നീക്കിയിരുന്നു. യോഗത്തിൽ വേദിയിൽ മുഖ്യമന്ത്രിയുടെ തൊട്ടുപിറകിലായി മഹുവയെ ഇരുത്തിയായിരുന്നു മമതയുടെ വിമർശനം.
വരാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കണമെന്ന് മമത ബാനർജി പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു.
മഹുവ മൊയ്ത്രയും തൃണമൂൽ ജില്ല നേതാക്കളായ ഉജ്ജൽ ബിശ്വാസ്, നാദിയ നോർത്ത് ജില്ല പ്രസിഡന്‍റ് ജയന്ത സാഹ, നരേഷ് സാഹ തുടങ്ങിയവരുമായി അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. പാർട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെ മൊഹുവ തീരുമാനങ്ങളെടുക്കുന്നു എന്നായിരുന്നു ആരോപണം. അടുത്തിടെ മുതിർന്ന നേതാക്കൾ ജില്ല സന്ദർശിച്ചപ്പോൾ പ്രദേശിക നേതാക്കൾ എം.പിക്കെതിരെ ആരോപങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയെന്ന വാർത്തകളും പുറത്തുവന്നിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ജില്ലയിൽ പാർട്ടിയുടെ ചുമതല മഹുവയെ ഏൽപ്പിച്ചതിന് ശേഷമാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.