കർണാടകത്തിൽ അട്ടിമറി ജയം നേടിയ കോൺഗ്രസിനെ പ്രശംസിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മാറ്റത്തിന് അനുകൂലമായ കർണാടകയിലെ വോട്ടർമാരുടെ നിർണായക വിധിയെന്നാണ് തെരഞ്ഞെടുപ്പ് വിജയത്തെ അവർ വിശേഷിപ്പിച്ചത്.
‘മാറ്റത്തിന് അനുകൂലമായ നിർണായക ജനവിധിക്ക് കർണാടകയിലെ ജനങ്ങൾക്ക് എന്റെ അഭിവാദ്യങ്ങൾ!! ക്രൂരമായ സ്വേച്ഛാധിപത്യവും ഭൂരിപക്ഷ രാഷ്ട്രീയവും നശിപ്പിക്കപ്പെട്ടു!!’ -മമത ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് കോൺഗ്രസിന്റെ ലീഡ് നാളത്തെ പാഠം എന്നാണ് മമത ബാനർജി വിശേഷിപ്പിച്ചത്. ‘ബഹുസ്വരതയും ജനാധിപത്യ ശക്തികളും വിജയിക്കണമെന്ന് ആളുകൾ ആഗ്രഹിക്കുമ്പോൾ, ആധിപത്യം സ്ഥാപിക്കാനുള്ള ഒരു കേന്ദ്ര പദ്ധതിക്കും അവരുടെ ആഗ്രഹത്തെ അടിച്ചമർത്താൻ കഴിയില്ല: അതാണ് കഥയുടെ ധാർമികത, നാളത്തേക്കുള്ള പാഠം’ -ട്വീറ്റിൽ പറയുന്നു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും കർണാടകയിലെ കോൺഗ്രസിന്‍റെ വിജയത്തെ അഭിനന്ദിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഫലമാണ് ഈ വമ്പൻ വിജയമെന്ന് അദ്ദേഹം പറഞ്ഞു. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ കോൺഗ്രസ് 137 സീറ്റിൽ ലീഡ് ചെയ്യുകയാണ്. ബി.ജെ.പി 64 സീറ്റിലും ജെ.ഡി.എസ് 20 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.