പട്‌ന: ഇൻഡ്യ സഖ്യത്തിന്റെ നേതൃസ്ഥാനത്ത് ആര് വരണമെന്ന ചർച്ച മുറുകുന്നതിനിടെ നിലപാട് വ്യക്തമാക്കി ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്ത്.തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നേതൃത്വം നല്‍കണമെന്ന് ലാലു പ്രസാദ് യാദവ് ആവശ്യപ്പെടുന്നത്. ഈ വിഷയത്തിൽ കോണ്‍ഗ്രസിനുള്ള എതിര്‍പ്പ് കണക്കാക്കേണ്ടതില്ലെന്നും ലാലുപ്രസാദ് പറഞ്ഞു.
മമത ബാനര്‍ജിയാണ് ഇന്ത്യയെ നയിക്കേണ്ടത്. ആർ.ജെ.ഡി മമതയെ പിന്തുണയ്ക്കുന്നു. ബിഹാറില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി അധികാരത്തിലെത്തുമെന്നും ലാലുപ്രസാദ് പറഞ്ഞു. ഇതോടെ, ഇൻഡ്യ സഖ്യത്തിന്റെ നേതൃത്വത്തിലേക്ക് മമത ബാനർജിക്കുള്ള പിന്തുണ ഏറിവരികയാണ്.
ഹരിയാനയിലും, മഹാരാഷ്ട്രയിലും ഇൻഡ്യ സഖ്യത്തിന് വന്‍ തിരിച്ചടിയേറ്റ സാഹചര്യത്തിലാണ് നേതൃമാറ്റം വേണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയത്. മമത ബാനര്‍ജി നേതൃത്വത്തിലേക്ക് വരണമെന്ന് കഴിഞ്ഞ ദിവസം എന്‍.സി.പി നേതാവ് ശരദ് പവാറും അഭിപ്രായപ്പെട്ടിരുന്നു. മമത കാര്യപ്രാപ്തിയുള്ള നേതാവാണ്. സഖ്യത്തെ നയിക്കാമെന്ന് പറയാന്‍ അവര്‍ക്ക് എല്ലാ അവകാശവുമുണ്ടെന്നും പവാര്‍ പറഞ്ഞു.
ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും സമാജ്വാദി പാര്‍ട്ടിയും മമത നേതൃതലത്തിലേക്ക് എത്തുന്നതിനെ പിന്തുണക്കുകയാണ്. ഈ നീക്കത്തെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. ഇതിനിടെ, കഴിഞ്ഞ ദിവസം ഇൻഡ്യ സഖ്യ നേതൃത്വത്തിനെതിരെ ഇടത് കക്ഷികളും രംഗത്തെത്തിയിരിക്കുകയാണ്.
അവസരം നല്‍കുകയാണെങ്കില്‍ ഇൻഡ്യ സഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ സന്നദ്ധയാണെന്ന് മമത നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
മമതയുടെ പ്രതികരണം ഇങ്ങനെ: ‘ഇൻഡ്യ സഖ്യം രൂപീകരിച്ചത് ഞാനാണ്. അത് കൈകാര്യം ചെയ്യേണ്ടതിന്റെ ചുമതല ഇപ്പോൾ നേതൃനിരയിലുള്ളവർക്കാണ്. അവര്‍ക്കതിന് കഴിയുന്നില്ലെങ്കിൽ ഞാന്‍ എന്തുചെയ്യാനാണ്. എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകണം എന്നതാണ് പ്രധാനം, തനിക്ക് അവസരം ലഭിക്കുകയാണെങ്കില്‍, സഖ്യത്തിന്റെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും’. ഈ സാഹചര്യത്തിൽ ഉടൻ തന്നെ ഇൻഡ്യ സഖ്യത്തിന്റെ നേതൃനിരയിൽ സമൂലമായ മാറ്റം വരാനുള്ള സാധ്യത ഏറെയാണെന്നാണ് പൊതുവായ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.