ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ ഭവാനിപൂരിൽ മുഖ്യമന്ത്രി മമത ബാനർജി വിയർക്കുകയാണെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ. മമതയുടെ മസ്ജിദ് സന്ദർശനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭവാനിപൂരിൽ തോൽവിയേറ്റ് വാങ്ങേണ്ടിവരുമെന്ന ഭയമാണ് മമതയുടെ മസ്ജിദ് സന്ദർശനത്തിന് പിന്നിലെന്നാണ് ബി.ജെ.പി വക്താവ് അമിത് മാളവ്യയുടെ പ്രതികരണം.
'നിങ്ങൾ ഭവാനിപൂരിൽ മത്സരമില്ലെന്ന് കരുതിയോ? മമത ബാനർജി വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണോ? മറന്നേക്കൂ. അവർ (മമത ബാനർജി) വിയർക്കുകയാണ്. സോല അന മസ്ജിദിലേക്കുള്ള ഈ സന്ദർശനം 'പെട്ടന്നുള്ളതല്ല', വാർഡ് 77ൽ നിന്ന് വോട്ട് തേടാനുള്ള ആസൂത്രിത സന്ദർശനമാണ്. അടുത്ത ദിവസങ്ങളിൽ അവർ ബൂത്തിൽനിന്ന് ബൂത്തുകളിലെത്തും' -അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പുതന്നെ മമതയും പാർട്ടി പ്രവർത്തകരും ഭവാനിപൂർ കേന്ദ്രീകരിച്ച് പ്രചാരണം ആരംഭിച്ചിരുന്നു. പ്രചാരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച ഭവാനിപൂരിലെ സോല അന മസ്ജിദ് മമത സന്ദർശിച്ചു. അവിടെയെത്തിയ മമതയെ വൻജനക്കൂട്ടമാണ് സ്വീകരിച്ചത്. കൂടാതെ പ്രദേശത്തെ ജനങ്ങളുമായി മുഖ്യമന്ത്രി സംവദിക്കുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച മമത ബാനർജി ഭവാനിപൂരിൽ മത്സരത്തിന് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. മമതയുടെ എതിരാളിയായ പ്രിയങ്ക തിബ്രേവാൾ തിങ്കളാഴ്ച നാമനിർദേശ പത്രിക നൽകി. റെക്കോഡ് വിജയം നേടുകയെന്ന ലക്ഷ്യത്തിലാണ് മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും. രണ്ടുതവണയും മമതയെയും തൃണമൂലിനെയും തുണച്ച മണ്ഡലമായതിനാൽതന്നെ ഭൂരിപക്ഷം ഉയർത്തുകയെന്ന ലക്ഷ്യമാണ് പാർട്ടി പ്രവർത്തകർ പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.