പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും മുന്നിൽനിന്ന് നയിക്കുന്ന തീവ്ര ഹിന്ദുത്വ പ്രചാരണം സൃഷ്ടിച്ച വർഗീയ ധ്രുവീകരണം, അതിനായി വൻകിട കോർപറേറ്റുകൾ ഒഴുക്കിക്കൊടുത്ത പണം, വർഗീയ പ്രചാരണത്തിന് അവരെ കയറൂരി വിട്ട് ഇരുവരുടെയും പ്രചാരണ റാലികൾക്ക് അനുസൃതമായി തെരഞ്ഞെടുപ്പ് ഷെഡ്യൂൾ തയാറാക്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ, കേന്ദ്രവും കമീഷനും ചേർന്ന് ബംഗാളിലുടനീളം ചേർന്ന് വിന്യസിച്ച കേന്ദ്രസേനയുടെ നിയന്ത്രണത്തിൽ ബി.ജെ.പിക്ക് അഭിമതരായ ഉദ്യോഗസ്ഥരെ വെച്ച് നടത്തിയ തെരഞ്ഞെടുപ്പ്, ബി.ജെ.പിയുടെ തേരോട്ടത്തിനിടയിലും കൂടെനിൽക്കുന്ന ന്യൂനപക്ഷങ്ങളുടെ വോട്ടുപിളർത്തി തന്നെ തോൽപിക്കാൻ മഹാസഖ്യമുണ്ടാക്കിയ ഇടതുപക്ഷവും കോൺഗ്രസും. അവസാന ഇഞ്ചും വിട്ടുകൊടുക്കാതെ ഇവയെ എല്ലാം ഒറ്റക്ക് വിൽചെയറിലിരുന്ന് എതിരിട്ടാണ് മമത ബാനർജി എന്ന 66കാരി ബംഗാളിൽ ബി.ജെ.പി കെട്ടിയ മനക്കോട്ട തകർത്തുതരിപ്പണമാക്കിയത്. നിശ്ചയദാർഢ്യത്തോടെ നേരിട്ടാൽ ബി.ജെ.പിയെ അനായാസം തോൽപിക്കാം എന്ന സന്ദേശമാണ് ഇതിലൂടെ മമത രാജ്യത്തിന് നൽകിയത്. 2019ലെ പാർലമെൻറ് തെരെഞ്ഞടുപ്പിൽ നടത്തിയ മുന്നേറ്റമാണ് ബി.ജെ.പിയെ 2021ൽതന്നെ ഭരണം പിടിക്കാനുള്ള വ്യാമോഹത്തിലെത്തിച്ചതെങ്കിൽ അത് തന്നെയാണ് മമതയിെല ആത്മപരിശോധനക്ക് വഴി തുറന്നതും.
'ദീദി കേ ബോലോ' (ദീദിയോട് പറയൂ) എന്ന പേരിൽ ബംഗാളിലുടനീളം ജനങ്ങളുടെ ആവലാതികൾ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള നടപടി സ്വീകരിച്ചു. ഓൺലൈൻ പോർട്ടലുകളും കാൾ സെൻററുകളും വഴിയുള്ള പരാതികൾ കൂടാതെ നേരിട്ട് സ്വീകരിക്കുന്നതിനായി 3500 െചറിയ ഓഫിസുകൾ സംസ്ഥാനത്തുടനീളം തുറക്കുകയും ചെയ്തു. 10.78 ലക്ഷം ആവലാതികളാണ് ഒന്നര വർഷംകൊണ്ട് മമത പരിഹരിച്ചത്. 14,000 കിലോമീറ്റർ റോഡുണ്ടാക്കിയും രണ്ടു ലക്ഷം പേർക്ക് ഭവന പദ്ധതി നടപ്പാക്കിയും വീട്ടുപടിക്കൽ സേവനങ്ങളെത്തിച്ചും ഒന്നര വർഷംകൊണ്ട് ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാനുള്ള പരിപാടി ആവിഷ്കരിച്ചത് 'ദീദി കേ ബോലോ' കാമ്പയിനിെൻറ ഭാഗമായിരുന്നു. പ്ലസ് ടു പെൺകുട്ടികൾക്ക് 25,000 രൂപ വീതം നൽകുന്ന കന്യാശ്രീ, പെൺകുട്ടിയുടെ വിവാഹത്തിന് 25,000 രൂപ നൽകുന്ന രൂപശ്രീ, സൗജന്യചികിത്സക്കുള്ള ഹെൽത്ത് കാർഡ് തുടങ്ങിയവയും മമതക്ക് സ്വീകാര്യത ലഭിച്ച ക്ഷേമ പദ്ധതികളായിരുന്നു.
ബി.ജെ.പി ഹിന്ദു ധ്രുവീകരണത്തിന് ശ്രമിച്ചപ്പോൾ തെൻറ ബ്രാഹ്മണ പാരമ്പര്യം എടുത്തുപറഞ്ഞും പാർട്ടി വേദികളിൽ ശ്ലോകങ്ങൾ ചൊല്ലിയും മമത അതിനെ നേരിട്ടു. കൂച്ച് ബിഹാറിലെ സീതാകുൽചിയിൽ കേന്ദ്രസേന നടത്തിയ വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടതും മമത തെരഞ്ഞെടുപ്പ് വിഷയമാക്കി ബി.ജെ.പിയെ പ്രതിരോധത്തിലാക്കി.
ബംഗാളിലെ തെരഞ്ഞെടുപ്പ് പകുതിയിലേറെ ഘട്ടങ്ങൾ പിന്നിടുകയും മോദിയും അമിത് ഷായും അതിരുകടന്ന ശുഭാപ്തി പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുേമ്പാഴും കൊൽക്കത്തയിലെ അവരുടെ ഓഫിസ് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ആദ്യ മൂന്ന് ഘട്ട വോട്ടെടുപ്പുകളിലെ ബി.ജെ.പി മുന്നേറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഏഴെട്ടു ജില്ലകളിൽനിന്ന് ഒരു സീറ്റുപോലും തൃണമൂലിന് ലഭിച്ചിെല്ലങ്കിലും മമതക്ക് പ്രശ്നമില്ലെന്നായിരുന്നു മറുപടി. ഒരു സീറ്റുപോലും തൃണമൂലിെൻറ കണക്കിലെഴുതാതെ ഏഴു ജില്ലകൾ പൂർണമായും ഒഴിച്ചിട്ടാലും 200 തികക്കുന്നതെങ്ങനെയെന്ന് മമതയുടെ ഓഫിസ് എണ്ണിപ്പറഞ്ഞു തന്നു. ന്യൂനപക്ഷ വോട്ടുകളുടെ 70 ശതമാനവും ഭൂരിപക്ഷ വോട്ടുകളുടെ 30 ശതമാനവും ചേർന്നാൽ വിജയത്തിനുള്ള സീറ്റുകൾ തികക്കാമെന്ന പ്രശാന്ത് കിഷോറിെൻറ ബംഗാളിലെ ലളിത സമവാക്യത്തെ എതിരിടാൻപോലും പര്യാപ്തമായിരുന്നില്ല ബി.ജെ.പി സൃഷ്ടിച്ച ഹിന്ദു ധ്രുവീകരണം. ഹിന്ദു ധ്രുവീകരണത്തിന് വിപരീതമായി സംഭവിച്ച മുസ്ലിം ധ്രുവീകരണം മമതക്ക് കാര്യങ്ങൾ എളുപ്പമാക്കുകയും മുസ്ലിം വോട്ടിൽ കണ്ണുനട്ട് അബ്ബാസ് സിദ്ദീഖിയുമായി ചേർന്ന് മഹാസഖ്യമുണ്ടാക്കിയ ഇടതുപക്ഷത്തെയും കോൺഗ്രസിനെയും 'സംപൂജ്യ'രാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.