കൊൽക്കത്ത: ജന്തർ മന്തിറിൽ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ പൊലീസ് കൈകാര്യം ചെയ്തുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ കേന്ദ്ര ഭരണത്തിലുള്ള ബി.ജെ.പിക്ക് മുന്നറിയിപ്പുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നമ്മുടെ പെൺമക്കളുടെ മാനം ഇത്തരത്തിൽ നശിപ്പിക്കുന്നത് അങ്ങേയറ്റം അപമാനകരമാണെന്ന് മമതാ ബാനർജി ട്വീറ്റ് ചെയ്തു.
‘ഇന്ത്യ അതിന്റെ പെൺമക്കൾക്കൊപ്പം നിലകൊള്ളും. ഞാൻ മനുഷ്യനെന്ന നിലക്ക് തീർച്ചയായും ഗുസ്തി താരങ്ങൾക്കൊപ്പമാണ്. നിയമം എല്ലാവർക്കും ഉള്ളതാണ്. ‘ഭരണാധികാരിയുടെ നിയമത്തിന്’ ഈ പോരാളികളുടെ അന്തസ്സിനെ ഹൈജാക്ക് ചെയ്യാനാകില്ല. നിങ്ങൾക്ക് അവരെ അധിക്ഷേപിക്കാനാകുമായിരിക്കും. പക്ഷേ, അവരുടെ ഊർജ്ജത്തെ ഇല്ലാതാക്കാനാകില്ല. ഇത് ശരിയായ പോരാട്ടമാണ്. അത് തുടരും.’ -മുഖ്യമന്ത്രി വ്യക്തമാക്കി.
‘നമ്മുടെ ഗുസ്തി താരങ്ങളെ വേദനിപ്പിക്കാൻ മുതിരേണ്ട, രാജ്യം അവരുടെ കണ്ണുനീർ കാണുന്നുണ്ട്. രാജ്യം നിങ്ങൾക്ക് മാപ്പു തരില്ല. നമ്മുടെ താരങ്ങളോട് ശക്തരായി തന്നെ തുടരാൻ ഞാൻ ആവശ്യപ്പെടുന്നു. എന്റെ എല്ലാ ശക്തിയും അവർക്ക് പങ്കുവെക്കുന്നു.’ - മമത കൂട്ടിച്ചേർത്തു.
പൊലീസ് അതിക്രമത്തെ കുറിച്ച് പറഞ്ഞുകൊണ്ട് ഗുസ്തി താരം വിനേഷ് ഫോഗട്ട് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ വിഡിയോ പുറത്തു വന്നതിനു പിറകെയാണ് മമതയുടെ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.