ലഖ്നോ: യു.പിയിലെ ജഖൗറ പൊലീസ് സ്റ്റേഷൻ പരിധിയിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് ദണ്ഡുകൾ സ്ഥാപിച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഒക്ടോബർ മൂന്നിന് രാത്രിയായിരുന്നു സംഭവം. ഇയാൾ റെയിൽവേ ട്രാക്കിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ഡുകൾ ഡെൽവാര റെയിൽവേ സ്റ്റേഷൻ പരിസരത്ത്, പതാൽ എക്സ്പ്രസിന്‍റെ എഞ്ചിനിൽ കുടുങ്ങി തീപ്പൊരിയുണ്ടായി. ഇത് കണ്ട ഗേറ്റ്മാൻ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനാലാണ് വൻ അപകടം ഒഴിവായത്.
ട്രാക്കിൽ ഇരുമ്പ് ദണ്ഡുകൾ സ്ഥാപിച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ചതായി ദൽവാര റെയിൽവേ സ്റ്റേഷൻ മാസ്റ്റർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ സംഭവം നടന്ന പാളത്തിനു സമീപം റെയിൽവേ ജീവനക്കാർ നിരവധി ഇരുമ്പ് ദണ്ഡുകളും മറ്റും സൂക്ഷിക്കുന്ന സ്ഥലമുണ്ടെന്ന് കണ്ടെത്തി. സത്യം യാദവ് (32) എന്നയാൾ അവിടെ നിന്ന് ഇരുമ്പ് ദണ്ഡുകൾ മോഷ്ടിച്ച് മറ്റ് സ്ഥലങ്ങളിൽ വിൽക്കുന്നത് പതിവായിരുന്നു.
യാദവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും മോഷ്ടിച്ച ഇരുമ്പ് ദണ്ഡുകളും മറ്റ് സാധനങ്ങളും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. ചോദ്യംചെയ്യലിൽ യാദവ് വ്യാഴാഴ്ച രാത്രി ഇരുമ്പു ദണ്ഡുകൾ മോഷ്ടിച്ച് റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടയിൽ പെട്ടന്ന് ട്രെയിൻ വരുന്നതു ശ്രദ്ധയിൽ പെട്ടപ്പോൾ ഇരുമ്പ് ദണ്ഡുകൾ റെയിൽവേ ട്രാക്കിലേക്ക് എറിഞ്ഞ് ഓടുകയായിരുന്നെന്ന് പൊലീസിന് മൊഴി നൽകി. സമാന സംഭവങ്ങൾ മുൻപും നടന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.