മുംബൈ: രണ്ടു കോടി രൂപ ആവശ്യപ്പെട്ട് ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബാന്ദ്ര ഈസ്റ്റ് സ്വദേശി അസം മുഹമ്മദ് മുസ്തഫയെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
സൽമാൻ ഖാനെതിരെയുള്ള ഭീഷണി സന്ദേശം മുംബൈ പൊലീസിന്‍റെ ട്രാഫിക് കൺട്രോൾ റൂമിലേക്കാണ് എത്തിയത്. രണ്ടു കോടി നൽകിയില്ലെങ്കിൽ സൽമാനെ വധിക്കുമെന്നായിരുന്നു വാട്സ് ആപ്പ് സന്ദേശം. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് വർലി പൊലീസിന്‍റെ പ്രത്യേക സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം സൽമാനും കൊല്ലപ്പെട്ട എൻ.സി.പി നേതാവ് ബാബ സിദ്ദീഖിയുടെ മകനുമായ സീഷാനും നേരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ 20കാരന്‍ ഗഫ്‌റാന്‍ ഖാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബർ 25നാണ് സീഷാന്‍ സിദ്ദീഖിയുടെ ഓഫിസിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. പണം നല്‍കണമെന്നും ഇല്ലെങ്കില്‍ സല്‍മാനെയും സീഷനെയും വധിക്കുമെന്നുമായിരുന്നു സന്ദേശം.
ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗം എന്ന് അവകാശപ്പെട്ട് സൽമാന് വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാൻ അഞ്ച് കോടിയാണ് അന്ന് ആവശ്യപ്പെട്ടത്.
പണം നല്‍കിയില്ലെങ്കില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ബാബ സിദ്ദീഖിയുടേതിനേക്കാള്‍ മോശമാകും സല്‍മാന്‍റെ അവസ്ഥയെന്നും സന്ദേശത്തില്‍ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് ജംഷഡ്പൂരിൽ നിന്നുള്ള പച്ചക്കറി വിൽപനക്കാരൻ ഷെയ്ഖ് ഹുസൈൻ എന്ന 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വധഭീഷണിയുടെ സാഹചര്യത്തിൽ സൽമാന്‍റെ മുംബൈ ബാന്ദ്രയിലെ ഗാലക്സി അപാര്‍ട്‍മെന്‍റിന് പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം സല്‍മാൻ കഴിയുന്നതും അവിടെയാണ്. നേരത്തെ, താരത്തിന്‍റെ വീടിന് നേരെ വെടിവെപ്പ് നടന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.