ന്യൂഡൽഹി: പ്രണയിച്ച യുവതിയെയോ യുവാവിനെയോ സ്വന്തമാക്കാൻ മതം മാറുന്നത് സാധാരണമാണ്. എന്നാൽ, യുവാവിനെ വേണ്ടെന്നും തനിക്ക് മാതാപിതാക്കൾക്കൊപ്പം പോകണമെന്നും യുവതി കോടതിയിൽ ആവശ്യപ്പെടുന്നത് രാജ്യത്ത് തന്നെ ആദ്യ സംഭവമാവാം. കഴിഞ്ഞ ദിവസം പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിലാണ് ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
മൂന്നു വർഷം നീണ്ട പ്രണയത്തിന് ശേഷം കഴിഞ്ഞ ഫെബ്രുവരി 25നാണ് മുഹമ്മദ് ഇബ്രാഹിം സിദ്ദീഖി അഞ്ജലി ജെയ്നെ റായ്പൂർ ആര്യ സമാജ് ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്തത്. യുവതിയെ വിവാഹം കഴിക്കാൻ ഫെബ്രുവരി 23ന് ഹിന്ദുമതം സ്വീകരിച്ച ഇബ്രാഹിം സിദ്ദീഖി ആര്യൻ ആര്യ എന്ന് തന്‍റെ പേരും മാറ്റിയിരുന്നു. വിവാഹ ശേഷം ഇബ്രാഹിം സിദ്ദീഖിയുടെ വീട്ടിൽ നിന്ന് ജൂൺ 30ന് ആരോടും പറയാതെ അഞ്ജലി ചത്തീസ്ഗഡിലെ ദാംതാരിയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി.
ഈ വിവരം അറിഞ്ഞ സിദ്ദീഖി അഞ്ജലിയെ കണ്ടെത്തണമെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകി. ഇതുപ്രകാരം സ്റ്റേഷനിൽ എത്തിച്ച യുവതിയെ സർക്കാറിന്‍റെ സഖി സ്ത്രീ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ, ഭർത്താവിനോടൊപ്പം പോകണമെന്ന നിലപാട് സ്വീകരിച്ച അഞ്ജലിയുടെ മൊഴി തെറ്റായി രേഖപ്പെടുത്തിയ പൊലീസ് യുവതിെയ പിതാവ് അശോക് ജെയ്നോടൊപ്പം പറഞ്ഞുവിട്ടു.
ഇതിനെതിരെ ഇബ്രാഹിം സിദ്ദീഖി ചത്തീസ്ഗഡ് ഹൈകോടതിയെ സമീപിച്ച് തന്‍റെ പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉന്നയിച്ചു. ഹേബിയസ് കോർപസ് ഹരജിയിൽ കോടതിയിൽ ഹാജരായ അഞ്ജലി സിദ്ദീഖിയെ വിവാഹം കഴിച്ചതായി ജഡ്ജി മുമ്പാകെ സമ്മതിച്ചു. കേസിൽ വാദം കേട്ട ഹൈകോടതി, 23കാരിയായ യുവതി മേജറാണെന്നും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനും രക്ഷിതാക്കളോടൊപ്പം താമസിക്കാനുമുള്ള തീരുമാനമെടുക്കാൻ അവകാശമുണ്ടെന്നും ഉത്തരവ് പുറപ്പെടുവിച്ചു.
തുടർന്ന് മാതാപിതാക്കളോടൊപ്പം അഞ്ജലിക്ക് താമസിക്കാമെന്ന ഹൈകോടതി ഉത്തരവിനെതിരെ സിദ്ദീഖി സുപ്രീംകോടതിയെ സമീപിച്ചു. ഭാര്യയെ കാണാൻ തന്നെ ഭാര്യയുടെ മാതാപിതാക്കൾ അനുവദിക്കുന്നില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് അംഗങ്ങളായ ഡിവിഷൻ ബെഞ്ച് എന്തു കൊണ്ടാണ് യുവതി മാതാപിതാക്കളോടൊപ്പം കഴിയുന്നതെന്ന് ചോദ്യം ഉന്നയിച്ചു.
വിചാരണയുടെ അവസാന ദിവസം യുവതിയെ കോടതിയിൽ നേരിട്ടു ഹാജരാക്കാൻ ദാംതാരി എസ്.പിക്ക് നിർദേശം നൽകി. കോടതിയിൽ ഹാജരായ അഞ്ജലി മാതാപിതാക്കളോടൊപ്പം പോകണമെന്ന നിലപാട് വ്യക്തമാക്കുകയും അതിന് സുപ്രീംകോടതി അനുമതി നൽകുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.